കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതി മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടിയത്തിന്റെ ദൃശ്യങ്ങളും വാർത്തകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും കരളലിയിക്കുന്നതുമാണ്. പ്രദേശത്തുനിന്നും ജലം ഒഴുകിയെത്തിയ ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുക്കപ്പെടുന്നുവെന്നത് ദുരിതത്തിന്റെ വ്യാപ്തിയും തീവ്രതയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരിതബാധിത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു. മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ കർമരംഗത്തുണ്ട്, സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കാന്തപുരം പറഞ്ഞു.