(കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു)
അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്നൊരു
കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ.
പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ
കന്നിക്കതിരായിരുന്നു !
അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി –
ന്നന്നം ചുരത്തിയോരമ്മേ,
എന്തിനാ മാറിൽ നിന്നെന്നെ പറിച്ചെറി-
ഞ്ഞിന്നീ കരാളം ചതുപ്പിൽ ?
കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത –
ക്കിപ്പുറം വന്ന നിൻ സ്നേഹം ,
ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള
സത്യമായ് എന്നെ രചിച്ചു !
മുത്തണിപ്പൊൻ മുലക്കച്ച തുറന്നെനി
ക്കെത്ര മുലപ്പാൽ ചുരത്തി ?
എത്ര ശതകോടി വർഷാന്തരങ്ങളിൽ
മൊത്തി നീയെന്നെ വളർത്തീ ?
എന്നിട്ടു മീവിധം സംഹാര രുദ്രയായ്
എന്നെ പറിച്ചെറിഞ്ഞീടാൻ
എന്തപരാധം നിൻ സ്വപ്ന പുഷ്പങ്ങളിൽ
എന്തേ പുഴുക്കുത്ത് വീഴാൻ ?
അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം
ജന്മങ്ങൾ മണ്ണിൽ തളിർക്കും !
ഞാനാണവർ നാളെ നാളമായ് മാറേണ്ട
നാടിന്റെ മൺ ചെരാതങ്ങൾ !