അമിത് ഷായുടെ അവകാശവാദം സത്യവിരുദ്ധം; മഴ മുന്നറിയിപ്പ് മാത്രമാണ് കേന്ദ്രം നൽകിയതെന്ന് മുഖ്യമന്ത്രിr

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ വാദം പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് നാലിന് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. ഇത് വിവാദങ്ങളുടെ സമയമല്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം പത്രസമ്മേളനം ആരംഭിച്ചത്.

അമിത് ഷാ പറയുന്നതിൽ സത്യത്തിൻ്റെ ഒരംശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭാഗം അസത്യമാണ്. കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. പക്ഷെ, ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതീവ ജാഗ്രതയോടെയാണ് കേരളം എല്ലാ മുന്നറിയിപ്പുകളും കൈകാര്യം ചെയ്യുന്നത്. പരസ്‌പരം കുറ്റപ്പെടുത്തലല്ല. അപകടം നടന്ന ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 115 മുതൽ 204 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. എന്നാല്‍, ആദ്യ 24 മണിക്കൂറിൽ 200 മില്ലീമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലീമീറ്ററും മഴ പെയ്തു. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴ പെയ്തു. അതായത്, മുന്നറിയിപ്പ് നൽകിയതിലും കൂടുതൽ മഴ പെയ്തു.

ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ഒരു തവണ പോലും പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷമാണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ലാൻഡ് സ്ലൈഡ് വാണിങ്‌ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 23-28 വരെ കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയ മഴ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് പോലും നൽകിയിട്ടില്ല.

29 ന് ഉച്ചയ്ക്ക് നൽകിയ മുന്നറിയിപ്പിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. ഉരുൾപൊട്ടൽ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലേ ആറ് മണിക്ക് മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജൂലൈ 30 നും 31 നും മുൻ‌കൂർ നൽകിയ മുന്നറിയിപ്പിൽ ഗ്രീൻ അലർട്ട് ആണ് നൽകിയിരുന്നത്. ചെറിയ മണ്ണിടിച്ചിൽ എന്നാണ് ഈ മുന്നറിയിപ്പിന്‍റെ അർത്ഥം.

മറ്റൊരു കേന്ദ്ര സർക്കാർ ഏജൻസിയായ കേന്ദ്ര ജല കമ്മീഷൻ ജൂലൈ 23- 29 വരെയുള്ള ഒരു ദിവസം പോലും ഇരവഴിഞ്ഞി, ചാലിയാർ പുഴകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയില്ല. ദുരന്ത ശേഷം കേരളം ആവശ്യപ്പെട്ട ശേഷം മാത്രമാണ് എൻഡിആർഎഫ് സംഘത്തെ അയക്കാൻ കേന്ദ്രം തയ്യാറായത്. ഒന്‍പത് എൻഡിആർഎഫ് സംഘം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.

റെഡ് സോണിൻ്റെ ഭാഗമായി ആളുകളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുന്നറിയിപ്പ് മേഖലയിൽനിന്ന് കിലോമീറ്ററുകൾ അകലെയാണ് ദുരന്തത്തിൻ്റെ പ്രഭവ കേന്ദ്രം. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ, ആരുടെയെങ്കിലും മേല്‍ പഴിചാരി രക്ഷപ്പെടാനാകില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ട് കാര്യമില്ല. കുറ്റപ്പെടുത്തേണ്ട സമയമല്ല ഇത്. ദുരന്തമുഖത്ത് പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

 

 

Print Friendly, PDF & Email

Leave a Comment

More News