ഉരുൾപൊട്ടൽ: ആദ്യഘട്ട സഹായം കൈമാറി മർകസ്

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മർകസ് ശേഖരിച്ച അവശ്യ സാധനങ്ങൾ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയലിന് കൈമാറുന്നു

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതികളെയും തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്കായി അവശ്യ സാധനങ്ങൾ ശേഖരിച്ച് മർകസ് സ്ഥാപനങ്ങൾ. കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ശുചിത്വ ഉപകരണങ്ങൾ, പാക്കറ്റ് ഫുഡ്സ് എന്നീ വസ്തുക്കളാണ് ആദ്യഘട്ടത്തിൽ ശേഖരിച്ച്‌ കോഴിക്കോട് കളക്ട്രേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിച്ചത്. അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ സാമഗ്രികൾ സ്വീകരിച്ചു. കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെ കളക്ഷൻ പോയിന്റ് വഴിയും കൈതപ്പൊയിൽ പബ്ലിക് സ്കൂൾ മുഖേനയുമാണ് പ്രധാനമായും അവശ്യസാധനങ്ങൾ സ്വരൂപിച്ചത്.

മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശത്തെ തുടർന്നാണ് ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും സഹകാരികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കളക്ഷൻ പോയിന്റുകളിൽ സഹായങ്ങൾ എത്തിച്ചത്. വരും ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് കൂടുതൽ സഹായങ്ങൾ മർകസ് കൈമാറും. ഇതിനായി ജില്ലയിലെ വിവിധ ക്യാമ്പസുകളിലും സംസ്ഥാനത്തെ പലസ്ഥലങ്ങളിലും കളക്ഷൻ സെന്ററുകൾ സംവിധാനിച്ചിട്ടുണ്ട്. ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിലും അടുത്ത ദിവസങ്ങളിൽ മർകസ് പങ്കുവഹിക്കും. ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വി എം റശീദ് സഖാഫി, കെ കെ ഷമീം, ഉനൈസ് മുഹമ്മദ് കെ, അബ്ദുൽ ജബ്ബാർ സഖാഫി, ലിനീഷ് ഫ്രാൻസിസ്, മർകസ് വളണ്ടിയർമാർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News