അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവ് ടി എസ് ചാക്കോ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ സ്ഥാപകാംഗവും തലമുതിർന്ന നേതാവുമായ ടി.എസ് ചാക്കോ (85) ഇരവിപേരൂരിൽ അന്തരിച്ചു.

പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ.

മക്കൾ: സഖറിയ ജേക്കബ്, നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും.

ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ട്രാവൻകൂർ ടീ എസ്റ്റേറ്റിൻ്റെ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ 18 വർഷം ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി നേതാവായി പേരെടുത്തിരുന്നു. 1966 ൽ സ്റ്റാഫ് യൂണിയനുകൾ ഉണ്ടാക്കി തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ടി എസ് ചാക്കോ, നാല് പതിറ്റാണ്ടോളം അമേരിക്കൻ മലയാളികൾക്കൊപ്പം നിന്ന് അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട “ചാക്കോച്ചായൻ” ആയിരുന്നു അദ്ദേഹം.

അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ആശയം മുന്നില്‍ കണ്ടാണ് ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) രൂപീകൃതമായതും ടി എസ് ചാക്കോ അതിന് നിമിത്തമായതും.

തുടര്‍ന്നുള്ള കാലങ്ങളില്‍ ഫൊക്കാനയുടെ എല്ലാ കൺവൻഷനുകളിലും മത സൗഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചിരുന്ന ടി.എസ്. ചാക്കോ അക്കാര്യത്തിൽ വലിയ ദീർഘവീക്ഷണമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു. മതപരവും ജാതീയവുമായ വേർതിരിവുകൾ അമേരിക്കൻ മലയാളികൾക്കിടയിൽ ഒരു കാലത്തും ഉണ്ടാകരുത് എന്ന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. കേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡൻ്റ് ആയിരുന്നു.

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂജെഴ്സിയിലെ ബർഗൻ കൗണ്ടി കൗൺസിലിൻ്റെ ദേശീയ പുരസ്കാരമാണ്. ജപ്പാൻ, ചൈന, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയായിരുന്നു ഈ പുരസ്കാരത്തിന് പരിഗണിച്ചിരുന്നത്. ഈ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ എന്ന ബഹുമതിയും ചാക്കോച്ചായന് സ്വന്തം.

ഫൊക്കാനയ്ക്ക് ഒപ്പം സഞ്ചരിച്ചിരുന്ന ചാക്കോച്ചായൻ ഏവർക്കും പ്രിയപ്പെട്ട ഒരു ജേഷ്ഠ സഹോദരൻ കൂടിയായിരുന്നു. നല്ലൊരു കുടുംബ സ്നേഹിയായിരുന്ന അദ്ദേഹത്തിന് മാതൃകാ ഭർത്താവിനുള്ള അവാർഡും ലഭിച്ചിരുന്നു എന്നതും അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ സത്യസന്ധതയെ വിളിച്ചോതുന്നു.

ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാകുന്നത് വരെ അദ്ദേഹം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു എന്നത് അദ്ദേഹത്തിൻ്റെ സാമൂഹ്യ പ്രവർത്തനത്തിൻ്റെ താല്പര്യം എത്രത്തോളം ഉണ്ടായിരുന്നു എന്ന് വ്യക്തം. സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന് ഫൊക്കാനയില്‍ മാത്രമല്ല, എല്ലാ മേഖലകളിലുമുള്ള നിരവധി സുഹൃത്തുക്കളുമുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News