എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന, ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്ന ചാക്കോച്ചായന്റെ (ടി.എസ്. ചാക്കോ) വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. കാരണം, കഴിഞ്ഞ കുറെ നാളായി അദ്ദേഹം ഗുരുതര രോഗബാധിതനായിരുന്നു എന്ന സത്യം എന്റെ മനസ്സില്‍ വേരുറച്ചു കഴിഞ്ഞിരുന്നു.
ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കാപട്യമില്ലാത്ത ഒരു നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം ഓരോരുത്തരോടും ഇടപെട്ടിരുന്നത്.
വെള്ള മുണ്ടും, ഷര്‍ട്ടും, തോളില്‍ ഒരു കസവ് നേര്യതുമണിഞ്ഞുകൊണ്ട് ‘ഫൊക്കാന’യുടെ പ്രധാന കണ്‍വന്‍ഷന്‍ വേദികളിലെല്ലാം ഒരു കാരണവരുടെ തലയെടുപ്പോടെ ചാക്കോച്ചായന്‍ നിറഞ്ഞു നിന്നിരുന്നു.
പ്രധാന ഭാരവാഹികളെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ട്, അവരുടെ പ്രവര്‍ത്തന പോരായ്മകളെ, സദസ്യരുടെ മുന്നില്‍ വച്ചു വിമര്‍ശിക്കുന്നതിന് അദ്ദേഹം ഒരു വിമുഖതയും കാണിച്ചിരുന്നില്ല. അതുകേട്ട് ഉള്ളുതുറന്ന് ചിരിക്കുകയല്ലാതെ അവര്‍ക്കാര്‍ക്കും അദ്ദേഹത്തോട് ഒരു പരിഭവവും തോന്നിയിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം.
ബഹുമാനപ്പെട്ട കളത്തില്‍ പാപ്പച്ചന്‍ ‘ഫൊക്കാന’ പ്രസിഡന്റായിരുന്നപ്പോള്‍ ടി.എസ് ചാക്കോ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്നു. ന്യൂയോര്‍ക്ക് റീജണല്‍ വൈസ് പ്രസിഡന്റ് ചുമതല എനിക്കായിരുന്നു. സൂം മീറ്റിംഗുകള്‍ പോയിട്ട്, സെല്‍ ഫോണ്‍ പോലും പ്രചാരത്തിലില്ലായിരുന്ന ആ കാലത്ത് ഞാനും ചാക്കോച്ചായനും ഒരുമിച്ചായിരുന്നു പലപ്പോഴും കമ്മിറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കുവാനുള്ള യാത്ര, ഒരുപാട് ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട്.
ഇരവിപേരൂരിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസമാക്കിയപ്പോഴും, ചാക്കോച്ചായന്‍ ആള്‍ക്കൂട്ടത്തിന്റെ നടുവിലായിരുന്നു.
ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്തിയില്ല. സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഓരോ ഗ്രുപ്പിനു വേണ്ടിയും പ്രത്യേക സ്വീകരണ സല്‍ക്കാരങ്ങളാണ് ഒരുക്കിയിരുന്നത്. മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം തിരുമേനി, ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്
തുടങ്ങിയവര്‍ പങ്കെടുത്തിട്ടുള്ള പരിപാടികളില്‍ ഒരു സാന്നിധ്യമാകുവാന്‍ അദ്ദേഹം എന്നേയും ക്ഷണിച്ചിരുന്നു എന്നുള്ള കാര്യം സ്നേഹത്തോടെ ഓര്‍ക്കുന്നു.
ഒരുപാട് നല്ല ഓര്‍മ്മകള്‍ നല്‍കി യാത്രയാകുന്ന ചാക്കോച്ചായന്റെ പൊട്ടിച്ചിരിക്കുന്ന മുഖചിത്രം മനസ്സിന്റെ ഭിത്തിയില്‍ സൂക്ഷിക്കുവാനാണ് എനിക്കിഷ്ടം.
ആദരാജ്ഞലികള്‍……..