വയനാട്: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണത്തിനായി ചിലര്‍ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിലൊരു ശ്രദ്ധവേണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാം ജനകീയമാണ്. വളരെ ആത്മാര്‍ത്ഥമായി പാചകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്നു. അവര്‍ ചെയ്തതൊന്നും ചെറുതായി ആരും കാണുന്നില്ല. എന്നാല്‍, ഭക്ഷണം കഴിച്ചിട്ട് ചില പ്രയാസങ്ങള്‍ നേരിട്ടവരുണ്ട്.
സൈനികര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലെ ആളുകള്‍ക്ക് അങ്ങനെ ആവുമ്പോള്‍ ബുദ്ധിമുട്ടാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടത്തുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. അതിലൊരു ശ്രദ്ധവേണമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
വളണ്ടിയര്‍ പ്രവര്‍ത്തനത്തില്‍ ആവശ്യമുള്ള വളണ്ടിയര്‍മാര്‍ മതി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എല്ലാ വളണ്ടിയര്‍മാരും മാധ്യമങ്ങളും. എന്നാല്‍ ഇതൊന്നുമല്ലാതെ ചിലര്‍ വരികയും വീഡിയോ എടുക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ സ്ഥലം കാണാനായി വരുന്നു. ദുരന്ത ടൂറിസമായി ഇതിനെ കാണുന്നവരുണ്ട്. ഇതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിനെ നടുക്കിയ ദുരന്തത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയത്. വയനാട്ടിൽ പൊലീസ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമാണെന്നും പ്രതികരിച്ചു.