ധാക്ക: വാരാന്ത്യത്തിൽ ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രതിഷേധക്കാർ പോലീസുമായും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിൽ 93 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ പതിനായിരങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രശ്നം സംഘര്‍ഷഭരിതമാകുകയാണ്.
അക്രമങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ അനിശ്ചിതകാല രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. സർക്കാർ ജോലികൾക്കായുള്ള വിവാദ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു നടപടി നടപ്പാക്കുന്നത്.
1971-ലെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യ സമരത്തിലെ വിമുക്തഭടന്മാരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30% സംവരണം ചെയ്യുന്ന ക്വാട്ട സമ്പ്രദായത്തിനെതിരെ ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ധാക്കയെ കേന്ദ്രമാക്കി ആവർത്തിച്ചുള്ള അക്രമങ്ങൾ കണ്ട പ്രക്ഷോഭം രാജ്യത്തുടനീളം കുറഞ്ഞത് 200 മരണങ്ങൾക്ക് കാരണമായി, വിമുക്തഭടന്മാരുടെ കുടുംബങ്ങൾക്ക് 3% അനുവദിച്ച് ക്വോട്ട 5% ആയി കുറയ്ക്കാനുള്ള സുപ്രീം കോടതി വിധി ഉണ്ടായിരുന്നിട്ടും പ്രതിഷേധം തുടരുകയാണ്.
ഞായറാഴ്ച, ധാക്കയുടെ സെൻട്രൽ ഷാബാഗ് സ്‌ക്വയറിൽ കല്ലുകളും വടികളുമായി ജനക്കൂട്ടം നിറഞ്ഞു, മറ്റ് പ്രധാന നഗരങ്ങൾ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ തെരുവ് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ ഹൈവേകൾ തടയുകയും പോലീസുമായി ഏറ്റുമുട്ടുകയും ഭരണകക്ഷിയായ അവാമി ലീഗിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെ നേരിടുകയും ചെയ്തു. ധാക്കയിലെ ഉത്തര മേഖലയിൽ സ്‌ഫോടനങ്ങളും വെടിവയ്പ്പും, നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്‌തതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും പ്രതിപക്ഷ ഗ്രൂപ്പുകളുടെയും പിന്തുണയുള്ള പ്രതിഷേധക്കാർ ‘നിസഹകരണ’ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. നികുതികളോ യൂട്ടിലിറ്റി ബില്ലുകളോ നൽകരുതെന്നും ബംഗ്ലാദേശിലെ സാധാരണ പ്രവൃത്തി ദിവസമായ ഞായറാഴ്ച ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൗരന്മാരോട് ആഹ്വാനം ചെയ്തു. ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ തുറന്ന് കിടന്നിരുന്ന വ്യാപാര സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും അവർ ആക്രമിച്ചു.
ധാക്കയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സാഹചര്യത്തെ ഒരു “യുദ്ധഭൂമി” എന്നാണ് വിശേഷിപ്പിച്ചത്. പ്രതിഷേധ നേതാക്കൾ പ്രകടനക്കാരെ മുളവടികള്‍ ആയുധമാക്കാൻ പ്രോത്സാഹിപ്പിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിഷേധക്കാരെ തള്ളിക്കളഞ്ഞു. “ഇപ്പോൾ തെരുവിൽ പ്രതിഷേധിക്കുന്നവർ വിദ്യാർത്ഥികളല്ല, മറിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദികളാണ്,” ദേശീയ സുരക്ഷാ യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
സംഘർഷത്തിനിടയിലും, കൊലപാതകം, നശീകരണപ്രവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്താതെ തടവിലാക്കിയ വിദ്യാർത്ഥികളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായി അവാമി ലീഗ് പ്രഖ്യാപിച്ചു. ഇവരെ വിട്ടയക്കണമെന്നത് സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു.
പ്രതിഷേധക്കാരെ വ്യക്തമായി പിന്തുണച്ചില്ലെങ്കിലും ബംഗ്ലാദേശ് സൈന്യം ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കി. “ബംഗ്ലാദേശ് സൈന്യം ജനങ്ങളുടെ വിശ്വാസത്തിൻ്റെ പ്രതീകമാണെന്നും ജനങ്ങൾക്കൊപ്പം എപ്പോഴും നിലകൊള്ളുന്നുണ്ടെന്നും ജനങ്ങൾക്കും സംസ്ഥാനത്തിനും വേണ്ടി അത് തുടരുമെന്നും” കരസേനാ മേധാവി വക്കർ-ഉസ്-സമാൻ സ്ഥിരീകരിച്ചു.
നിരവധി മുൻ സൈനിക ഉദ്യോഗസ്ഥർ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്നു, മുൻ ആർമി ചീഫ് ജനറൽ ഇക്ബാൽ കരീം ഭൂയാൻ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം ചുവപ്പിലേക്ക് മാറ്റി പിന്തുണ അറിയിച്ചു.