നിരണം: വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ സമൂഹ പ്രാർത്ഥന നടത്തി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്‍കി. അജോയി കെ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അനുശോചന സന്ദേശം നല്‍കി.
വിശ്വാസികൾ ചേർന്ന് മെഴുകുതിരി തെളിയിച്ചു സമൂഹ പ്രാർത്ഥനയിൽ സംബന്ധിപ്പിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ആദ്യ ദീപം തെളിയിച്ചു സെൽവരാജ് വിൻസന് കൈമാറി.ദുരിത ബാധിതരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് ആരാധന മദ്ധ്യേ സമർപിച്ച സ്തോത്രകാഴ്ച ഇടവക ട്രസ്റ്റി റെന്നി തോമസ് തേവേരിൽ ഇടവക വികാരിക്ക് കൈമാറി.ഷാൽബിൻ മർക്കോസ്,ഡാനി വാലയിൽ, ഏബൽ റെന്നി എന്നിവർ നേതൃത്വം നല്‍കി.
രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സർക്കാർ സംവിധാനങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തിരമായി ചെയ്യണമെന്ന് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.
ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയുടെ നിർദ്ദേശത്തെ തുടർന്ന് കേരളത്തിലെ എല്ലാ ഇടവകകളിലും ആഗസ്റ്റ് 4ന് വിശുദ്ധ കുർബാന മധ്യേ വയനാടിന് വേണ്ടിയുള്ള സമൂഹ പ്രാർത്ഥന നടത്തി. പുനരധിവാസത്തിനും മുൻപോട്ടുള്ള ജീവിതത്തിനും ആശ്വാസമാകുവാൻ സമാഹരിച്ച തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.
വയനാട്ടില്‍ പ്രകൃതി ദുരന്തം ഉണ്ടായതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുളള 35 അംഗ വൈദ്യ സംഘമെത്തി സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു.