മഴക്കെടുതി ദുരിതബാധിതർക്കായി മർകസിൽ പ്രത്യേക പ്രാർഥനാ സംഗമം
കോഴിക്കോട്: ദുരന്തമുഖത്ത് ഒരുമിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും വയനാടിന്റെ പുനർനിർമാണത്തിൽ സർവ്വ മനുഷ്യരും ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമായി മർകസിൽ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാടിൽ സംഭവിച്ചിരിക്കുന്നത്. ഈ വേളയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ, ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിക്കുന്ന കാഴ്ച പ്രതീക്ഷ നൽകുന്നതാണ്. ഭാവിയിലും ഈ ഒരുമ വേണമെന്നും എങ്കിൽ ഏത് പ്രതിസന്ധിയെയും അതിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് സുന്നി സംഘടനകളും മർകസും പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. ദുരിതബാധിതർക്കായുള്ള പ്രത്യേക പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, യു കെ അബ്ദുൽ മജീദ് മുസ്‌ലിയാർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്രം, ഹനീഫ് സഖാഫി ആനമങ്ങാട്, സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹാഫിള് സൈനുൽ ആബിദ് സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.