സൊമാലിയൻ കടൽത്തീരത്ത് ഭീകരാക്രമണം; 32 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

മൊഗാഡിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡിഷുവിലെ ബീച്ചിൽ വെള്ളിയാഴ്ച രാത്രി നടന്ന ഭീകരാക്രമണത്തില്‍ 32 പേർ മരിക്കുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദിസ്റ്റ് ഗ്രൂപ്പായ അൽ-ഷബാബ് ഈ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൊമാലിയയിലെ പ്രശസ്തമായ ലിഡോ ബീച്ചിലാണ് ചാവേർ ആക്രമണം നടന്നത്.

ആക്രമണത്തിൽ 32ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് അബ്ദിഫത അദാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ചാവേറാണ് സ്വയം പൊട്ടിത്തെറിച്ചതെന്നും 63 പേർക്ക് പരിക്കേറ്റതായും അവരിൽ ചിലരുടെ നില അതീവഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

ബീച്ച് വ്യൂ ഹോട്ടലിൻ്റെ കവാടത്തിലാണ് ചാവേർ സ്വയം പൊട്ടിത്തെറിച്ചത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, മറ്റ് നിരവധി അക്രമികൾ ഹോട്ടലിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടാതെ, നിരവധി താമസക്കാർ നടന്നുപോയ ബീച്ചിൽ ആളുകൾക്ക് നേരെ വെടിയുതിർത്തു. എല്ലാ അക്രമികളെയും സുരക്ഷാ സേന സംഭവസ്ഥലത്ത് തന്നെ വധിച്ചതായും സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചിരുന്ന മറ്റൊരു അക്രമിയെ പിടികൂടിയതായും പോലീസ് വക്താവ് പറഞ്ഞു. ഇതിനിടെ ഒരു സൈനികൻ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

സൊമാലിയൻ ഫെഡറൽ സർക്കാർ ആക്രമണത്തെ അപലപിച്ചതായി സ്റ്റേറ്റ് മീഡിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി മുൻ പ്രധാനമന്ത്രി ഹസൻ അലി ഖൈർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. 17 വർഷത്തിലേറെയായി മൊഗാദിഷുവിൻ്റെ ദുർബലമായ കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ അൽ-ഷബാബ് പോരാടുകയാണ്. തലസ്ഥാനത്തും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും നിരവധി ബോംബ് സ്‌ഫോടനങ്ങളും മറ്റ് ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.

വിദേശ സൈനികരെ ആശ്രയിക്കുന്ന സർക്കാർ
അധികാരത്തിൽ തുടരാൻ വിദേശ സൈനികരുടെ പിന്തുണയെയാണ് സർക്കാർ ആശ്രയിക്കുന്നത്. ആഫ്രിക്കൻ യൂണിയൻ സൈനികരുടെയും യു എസ് വ്യോമസേനയുടെയും പിന്തുണയോടെ ഗ്രൂപ്പിനെതിരെ പോരാടുന്നതിന് പ്രാദേശിക സായുധ ഗ്രൂപ്പുകളുമായി ഇവര്‍ കൈകോർക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News