ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക സുവർണ്ണ ജൂബിലി – ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 10 നു ശനിയാഴ്ച

ഹൂസ്റ്റൺ: അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട വിശ്വാസത്തിൻ്റെയും സേവനത്തിൻ്റെയും സാമൂഹിക ബന്ധത്തിൻ്റെയും അടയാളപ്പെടുത്തൽ ദർശിച്ച ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.

സുവർണ ജൂബിലി സമാപനത്തിന് ഓഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4:30 മണിക്ക് ഘോഷയാത്രയോടുകൂടി തുടക്കമാകും. 5 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും. മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ കോൺസൽ ജനറൽ ഡി.സി.മഞ്ജുനാഥ് , ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, പെയർലാൻഡ് സിറ്റി മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ററ് കോർട്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ , കോർട്ട് ജഡ്ജ് ജൂലി മാത്യു, കൗൺസിൽ വുമൺ ഡോ .ക്രോലിൻ ഷബാസ്, മുൻ വികാരി ജനറൽ റവ.ഡോ.ചെറിയാൻ തോമസ്, ഐസിഇസി എച് പ്രസിഡണ്ട് റവ. ഫാ.ഡോ. ഐസക് ബി പ്രകാശ്, വിവിധ സഭകളിലെ വൈദിക ശ്രേഷ്ടർ, സാമൂഹ്യ സംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഓർമ്മകളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ച ജൂബിലി സുവനീറിന്റെ പ്രകാശനവും നടത്തുന്നതാണ് .

ഇടവക രൂപം കൊണ്ട 1974 മുതൽ ട്രിനിറ്റി ദേവാലയ നിർമാണം പൂർത്തിയായ 1984 വരെ ഇടവകാംഗങ്ങളായിരുന്ന 80 ൽ പരം അംഗങ്ങളെ മെമെന്റോ നൽകി ആദരിക്കും.

വികാരി റവ. സാം കെ. ഈശോയുടെയും അസി.വികാരി റവ.ജീവൻ ജോണിന്റെയും നേതൃത്വത്തിൽ 100 ൽ പരം അംഗങ്ങളടങ്ങിയ 9 സുവർണ്ണ ജൂബിലി കമ്മിറ്റികളുടെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇടവക ആവിഷ്കരിച്ചു നടപ്പാക്കിയത്.

1974 ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമാ ഇടവക അമേരിക്കയിലെ ആദ്യ മാർത്തോമ ഇടവകകളിലൊന്നാണ്. 400 അധികം കുടുംബംഗളുള്ള ട്രിനിറ്റി മാർത്തോമാ ഇടവക അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യ ഉള്ള ഇടവകകളിലൊന്നും കൂടിയാണ്. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ പണി കഴിപ്പിച്ച ആദ്യ ദേവാലയമാണ് ട്രിനിറ്റി ദേവാലയം. 1984 ലാണ് ദേവാലയം പണിപൂർത്തീകരിച്ചത്.

Remember, Rejoice, Revive എന്നതാണ് ജൂബിലി ചിന്താവിഷയം ജൂബിലി പ്രെയർ സെൽ ചെയിൻ പ്രെയർ സംരംഭത്തോടെയാണ് ജൂബിലി വർഷത്തിന് തുടക്കമായത്. ഈ ഉദ്യമത്തിൽ ഇടവക ഒരുമിച്ച് പ്രാർത്ഥനയോടെ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹം തേടി. ഇടവകയുടെ ദൈവിക വിശ്വാസത്തിൻറെ തെളിവായി പ്രാർത്ഥനാ ശൃംഖല കൂടുതൽ ശക്തമായി ഇന്നും നിലകൊള്ളുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടവകയുടെ മുൻ വികാരിമാരുമായി സമ്മേളിക്കുവാൻ “പിന്നിട്ട വഴികളിൽ ഇടവകയെ നയിച്ചവരോടൊപ്പം” എന്ന പേരിൽ നിരവധി സൂം പ്രാർത്ഥന മീറ്റിംഗുകൾ നടത്തി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ആത്മീയ ഉൾക്കാഴ്ചകൾ പങ്കിടുകയും ചെയ്തു.

മാർച്ച് 2 ന് നടന്ന വോളിബോൾ ടൂർണമെൻ്റിൽ ഇടവകയുടെ സ്പോർട്സ് സ്പിരിറ്റ് തിളങ്ങി നിന്നു, . ഇടവക ജനങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദവും ടീം വർക്കും വളർത്തിയെടുക്കുന്നതിന് ഇത്തരത്തിലുള്ള കായിക മാമാങ്കങ്ങൾ സഹായിക്കുന്നു.

ഏപ്രിൽ 6-ന് ട്രിനിറ്റി ഫെസ്റ്റ് എന്ന പേരിൽ ഫാമിലി ഗേറ്റ് റ്റു ഗെതർ നടന്നു, മെഡിക്കൽ സെമിനാർ, എസ്റ്റേറ്റ് പ്ളാനിങ് (വിൽ ആൻഡ് പ്രൊബെറ്റ്) ഇൻവെസ്റ്റ്മെന്റ് സെമിനാർ, സ്ട്രീറ്റ് മ്യൂസിക്, 25 ൽ പരം കലാപ്രതിഭകളെ അണിനിരത്തി അവതരിപ്പിച്ച “അമൃതംഗമായ” ലഘുനാടകം, വിവിധ കലാപരിപാടികൾ തുടങ്ങിയവ ട്രിനിറ്റി ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റി. നാടൻ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ ശാലകൾ ട്രിനിറ്റി ഫെസ്റ്റിനെ ഗൃഹാതുരത്വ സമാനകളുണർത്തിയ ആഘോഷമാക്കി മാറ്റി. ബാസ്കറ്റ്ബോൾ ഫ്രീ ത്രോ മത്സരതിൽ നിരവധി യുവാക്കൾ പങ്കെടുത്തു. കൊടി തോരണങ്ങളാൽ സമൃദ്ധമായ ഒരു ആഘോഷമാണ് അന്ന് നടന്നത്. ആയിരത്തിൽ പരമാളുകൾ ട്രിനിറ്റി ഫെസ്റ്റിൽ പങ്കെടുത്തു.

മെയ് മാസത്തിൽ ഫാമിലി കോൺഫറൻസും ജൂണിൽ ഇടവകയിൽ നിന്ന് ദൂരസ്ഥലങ്ങളിലേക്കു പോയവരെ പങ്കടുപ്പിച്ചു കൊണ്ട് അലുമണി മീറ്റും സംഘടിപ്പിച്ചു. കേരളത്തിലെ തിമിര ശസ്ത്രക്രിയകൾക്ക് സഹായം ചെയ്യുന്നതിനായി യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ “കാഴ്ച” പ്രോഗ്രാം വൻ വിജയമായിരുന്നു..ഹൂസ്റ്റണിലെ നെയ്ബർഹുഡ് മിഷനുമായി ചേർന്ന് വിവിധ മിഷൻ പദ്ധതികളും ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിയിലുമായി വിവിധ മിഷൻ പ്രവർത്തങ്ങളിൽ ഇടവക ജൂബിലി വർഷത്തിൽ സജീവമായി പ്രവർത്തിച്ചു. മാർത്തോമ്മാ മെത്രാപോലിറ്റൻ ഓർഡിനേഷൻ ഗോൾഡൻ ജൂബിലി പ്രോജെക്ടയ അഭയം പ്രോജെക്ടിനോട് ചേർന്ന് 7 ഭവനങ്ങൾ നിർമിച്ചു നൽകുന്നതിന് നേതൃത്വം നൽകി. വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ മിഷൻ ഫീൽഡിലെ ദേവാലയ നിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ ജൂബിലി വർഷത്തിൽ നടത്തി. ഹൂസ്റ്റണിലെ വിവിധ മാധ്യമ പ്രവത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു പ്രസ് മീറ്റും നടത്തി.

ജൂബിലിയുടെ സാംസ്കാരികവും ചരിത്രപരവുമായ വശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചർച്ച് ഡോക്യുമെൻ്ററി എവി മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നു.

ട്രിനിറ്റി മാർത്തോമ്മാ ഇടവക അരനൂറ്റാണ്ട് പിന്നിടുമ്പോൾ, പിന്നിട്ട വഴികളെ പറ്റി ചിന്തിക്കുവാനും, വരും വർഷങ്ങളിലേക്ക് പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി കാത്തിരിക്കാനുമുള്ള ഓരോ അംഗത്തിനും ഒരു ആഹ്വാനമാണ് നൽകുന്നത്. സുവർണ്ണ ജൂബിലി ഭൂതകാലത്തിൻ്റെ ഒരു ആഘോഷം മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു വഴിവിളക്കാണ്.

വികാരി റവ.സാം.കെ.ഈശോ (പ്രസിഡണ്ട്) അസി.വികാരി ജീവൻ ജോൺ (വൈസ് പ്രസിഡണ്ട്) എന്നിവരുടെയും ഷാജൻ ജോർജ്‌ (ജനറൽ കൺവീനർ) തോമസ് മാത്യു (ജീമോൻ റാന്നി – കോ കൺവീനർ) പ്രയർ സെൽ – ടി.എ. മാത്യു (കൺവീനർ) ഗ്രേസി ജോർജ് (കോ-കൺവീനർ) പ്രോഗ്രാം (ജോജി ജേക്കബ്), സുവനീർ – റെജി ജോർജ് (കൺവീനർ) ഉമ്മൻ തോമസ് (കോ – കൺവീനർ) ഫിനാൻസ് – പുളിന്തിട്ട ജോർജ്‌ (കൺവീനർ) വർഗീസ് ശാമുവേൽ (കോ കൺവീനർ) ഫുഡ് – ജോൺ ചാക്കോ (കൺവീനർ), ഡാനിയേൽ സഖറിയാ (കോ കൺവീനർ) മിഷൻ ഇന്ത്യ/ലോക്കൽ മിഷൻ – എബ്രഹാം ഇടിക്കുള (കൺവീനർ), എബി മത്തായി (കോ കൺവീനർ) റിസപ്ഷൻ – രാജൻ ഗീവർഗീസ് (കൺവീനർ), ഷീല മാത്യൂസ് (കോ കൺവീനർ) പബ്ലിക് റിലേഷൻസ്/മീഡിയ – എം.ടി.മത്തായി (കൺവീനർ) ജോസഫ് വർഗീസ് (കോ കൺവീനർ) ഗായകസംഘം – റോജിൻ ഉമ്മൻ (കൺവീനർ), രേഖ എബ്രഹാം ( കോ കൺവീനർ) എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News