വയനാട്: മേപ്പാടിക്ക് സമീപം ചൂരൽമലയിലും മുണ്ടക്കൈയിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മെസ് പോലീസ് പൂട്ടിച്ചത് വിവാദമായി. മുസ്ലിം യൂത്ത് ലീഗിൻ്റെ ‘വൈറ്റ് ഗാർഡ്’ വിഭാഗം കൈകാര്യം ചെയ്തിരുന്ന മെസ് കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് അടപ്പിച്ചത്.
ദുരന്തസ്ഥലത്ത് ജെസിബികൾ മാത്രം പ്രവർത്തിക്കുന്നതിനാൽ ഭക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ് ജോസ് അപമാനിച്ചതായി വൈറ്റ് ഗാർഡ് അംഗങ്ങൾ ആരോപിച്ചു.
സഹായിക്കാൻ തയ്യാറുള്ളവർ തിരച്ചിലിൽ നേരിട്ട് ഇടപെടാതെ സർക്കാർ സംവിധാനത്തെ പിന്തുണയ്ക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വൊളൻ്റിയർമാരുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്ത മന്ത്രി, ജില്ലാ ഭരണകൂടവുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞു.
പോലീസ് നടപടി അനുചിതമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ നിർദേശങ്ങൾ ലംഘിച്ച് ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നടപടി ദൗർഭാഗ്യകരമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്തഭൂമിയിൽ മാനുഷിക സേവനം ചെയ്യുന്ന സന്നദ്ധപ്രവർത്തകരോട് നന്ദി പറയേണ്ടതില്ലെന്നും എന്നാല്‍, അവരെ അപമാനിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെറ്റായ വിവരങ്ങൾ നൽകരുതെന്നും തെറ്റായ വിവരങ്ങളാൽ നയിക്കപ്പെടരുതെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.
“നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ല”: പോലീസ്
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയിരുന്നു. എന്നാല്‍, ഇവരോട് ഭക്ഷണ വിതരണം നിര്‍ത്തണം എന്ന് ഡി ഐ ജി തോംസണ്‍ ആവശ്യപ്പെട്ടെന്നു പറയുന്നു. മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥര്‍ പദവിക്ക് നിരക്കാത്ത ഭാഷ ഉപയോഗിച്ച് തങ്ങളെ ആക്ഷേപിക്കുകയും ചെയ്തു എന്ന് വൈറ്റ് ഗാര്‍ഡ് അംഗം ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിവിധ സേനകളിലുള്ള ആയിരത്തിലധികം പേര്‍ക്കാണ് മൂന്ന് നേരവും വൈറ്റ് ഗാര്‍ഡ് ഭക്ഷണം നല്‍കിയിരുന്നത്.
രാവിലെ തുടങ്ങുന്ന ഭക്ഷണ വിതരണം രാത്രി രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോകുന്നത് വരെ തുടരും. രക്ഷാദൗത്യത്തിന് പോകുന്നവര്‍ക്ക് ഭക്ഷണം പാഴ്‌സലായും നല്‍കിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്നാണ് ഇവര്‍ പറയുന്നത്.
ഭക്ഷണം ലഭിക്കാതെ ഒരുപാട് പേരുണ്ട് എന്ന് നാട്ടുകാരന്‍ കൂടിയായ പഞ്ചായത്ത് മെമ്പറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തങ്ങള്‍ പാഴ്‌സലുമായി അവിടേക്ക് പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്ന് വൈറ്റ് ഗാര്‍ഡ് അംഗം പറഞ്ഞു. ‘പൊലീസ് അങ്ങോട്ടേക്ക് കടത്തി വിടാതിരിക്കുകയും ഞങ്ങളുമായി തര്‍ക്കത്തിലാവുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് മെമ്പറുമായി സംസാരിച്ചതിന് ശേഷം വണ്ടി കടത്തിവിടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം, തിരികെ വരുമ്പോള്‍ പൊലീസ് വീണ്ടും തടഞ്ഞെന്നും പിന്നീട് തങ്ങളെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയെന്നും ഇയാള്‍ പറഞ്ഞു. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചപ്പോള്‍ ഇനി ഞങ്ങളുടെ സേവനം ആവശ്യമില്ല എന്നാണ് പറഞ്ഞാണ്. ‘ ഇവിടെ റവന്യുവിന്റെ ഭക്ഷണം ഉണ്ട്. ഫയര്‍ഫോഴ്‌സും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്നൊക്കെയാണ് പറഞ്ഞത്,’ അദ്ദേഹം പറഞ്ഞു.
ഇവിടെയിപ്പോള്‍ ജെസിബിയാണ് പണിയെടുക്കുന്നതെന്നും സന്നദ്ധസേവകരെന്ന് പറഞ്ഞുവരുന്നവര്‍ വടിയും കുത്തിപ്പിടിച്ചു വെറുതേ നോക്കി നില്‍ക്കുകയാണെന്ന് ഡി ഐ ജി പറഞ്ഞതായും അത് തങ്ങള്‍ക്ക് വളരെ പ്രായസമുണ്ടാക്കി എന്നും വൈറ്റ് ഗാര്‍ഡ് അംഗം ആരോപിച്ചു. ഇനി ഭക്ഷണം വിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.
‘ഒരു ഉദ്യോഗസ്ഥനാണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ ഭക്ഷണ വിതരണം അവസാനിപ്പിക്കുകയാണ്. അക്കാര്യം ഇവിടുത്തെ നാട്ടുകാരെയും അറിയിച്ചിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനായി ഒരുപാട് സാധനങ്ങള്‍ വാങ്ങി വെച്ചിരുന്നു. അതെല്ലാം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല’, വൈറ്റ് ഗാര്‍ഡ് അംഗം പറഞ്ഞു. ഭക്ഷണ വിതരണം നിര്‍ത്തണമെന്ന നിര്‍ദ്ദേശം പൊലീസ് നല്‍കിയതിന് പിന്നാലെ നിരാശയോടെ മടങ്ങുകയാണ് വൈറ്റ് ഗാര്‍ഡിന്റെ യുവാക്കള്‍.