പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക.

പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.

വന്‍ദുരന്തം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി വയനാട്ടിലെത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശം പ്രധാനമന്ത്രി സന്ദര്‍ശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിമാര്‍ എത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News