കൊച്ചി: റഷ്യൻ നാവികസേനാ കപ്പലുകളായ വര്യാഗും മാർഷൽ ഷാപോഷ്നിക്കോവും കൊച്ചിയിലെത്തി. കപ്പലുകൾക്ക് ഇന്ത്യൻ നാവികസേന ഊഷ്മളമായ സ്വീകരണം നൽകി. റഷ്യൻ കപ്പലിലെ ഫ്‌ളാഗ് ഓഫീസർ ക്യാപ്റ്റൻ ഒന്നാം റാങ്ക് അനറ്റോലി വെലിച്‌കോയും രണ്ട് യുദ്ധക്കപ്പലുകളിലെയും കമാൻഡിംഗ് ഓഫീസർമാരും സതേൺ നേവൽ കമാൻഡിലെ ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുന്ദുവിനെ ഓഗസ്റ്റ് 6 ന് സന്ദർശിച്ചു.
സന്ദർശന വേളയിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ പ്രൊഫഷണൽ ആശയവിനിമയങ്ങൾ, ക്രോസ് ഡെക്ക് സന്ദർശനങ്ങൾ, സാമൂഹിക ഇടപെടലുകൾ, സൗഹൃദ കായിക മത്സരങ്ങൾ എന്നിവ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് പ്രതിരോധ വാർത്താക്കുറിപ്പ് അറിയിച്ചു. റഷ്യൻ നാവികസേനയുടെ കപ്പലുകളുടെ സന്ദർശനം ഇരു നാവികസേനകളും തമ്മിലുള്ള ശക്തമായ സമുദ്ര സഹകരണത്തിനും പങ്കാളിത്തത്തിനും അടിവരയിടുന്നതായി പ്രസ്താവനയിൽ പറയുന്നു.