ധാക്ക: ബംഗ്ലാദേശിലെ അരാജകത്വങ്ങൾക്കിടയിൽ, ചൊവ്വാഴ്ച രാത്രി ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുകയും, നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിനെ ബംഗ്ലാദേശ് പ്രധാനമന്ത്രിയാക്കുകയും ചെയ്തു. വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കോഓർഡിനേഷൻ ബോർഡിലെ 13 അംഗങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് യൂനസിനെ പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പ്രഖ്യാപിച്ചത്. ഈ സംഭാഷണത്തിൽ ത്രിസേനാ മേധാവികളും പങ്കെടുത്തു. നേരത്തെ, പ്രസിഡന്റ് രാജ്യത്തെ പാർലമെൻ്റ് പിരിച്ചുവിട്ട് പുതിയ പൊതുതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയിരുന്നു.
ഹസീന സർക്കാരിനെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബംഗ്ലാദേശിൻ്റെ പുതുതായി നിയുക്ത പ്രധാനമന്ത്രി യൂനുസ് ഇത് ബംഗ്ലാദേശിൻ്റെ രണ്ടാം സ്വാതന്ത്ര്യം പോലെയാണെന്ന് പറഞ്ഞു. ഗ്രാമീൺ ബാങ്കിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് 2006-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് യൂനുസ്. 2009ൽ ഷെയ്ഖ് ഹസീന അധികാരത്തിലെത്തിയ ശേഷം യൂനുസിനെതിരെ ഡസൻ കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.