രണ്ട് വർഷത്തിലേറെയായി കോടതികളിൽ വിധി പറയാതെ ജാമ്യക്കേസുകൾ കെട്ടിക്കിടക്കുന്നത് ഏറെ നിരാശാജനകമാണെന്ന് കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി: രാഷ്ട്രീയ വ്യത്യാസങ്ങൾ കാരണം ജാമ്യ നടപടികളും അറസ്റ്റു കേസുകളിലെ ഉത്തരവുകളും പ്രഖ്യാപിക്കുന്നതിലെ കാലതാമസം അങ്ങേയറ്റം ആശങ്കാജനകമാണെന്നും നിലവിലെ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതായും കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) അഭിപ്രായപ്പെട്ടു.
റിപ്പോർട്ട് അനുസരിച്ച് , ‘ജുഡീഷ്യൽ കാലതാമസം കാരണം, സിഎഎ വിരുദ്ധ സമരക്കാരോട് അന്യായമായി പെരുമാറുകയും ജയിൽവാസം തുടരുന്നതിലൂടെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നു’ എന്ന് സിജെഎആർ പ്രസ്താവനയിറക്കി.
രണ്ട് വർഷത്തിലേറെയായി ജാമ്യാപേക്ഷകൾ കോടതിയിൽ വിധി പറയാതെ കെട്ടിക്കിടക്കുന്നത് ഏറെ നിരാശാജനകമാണെന്നും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്നുവരുന്ന പുതിയ പ്രവണതയാണിതെന്നും, അങ്ങനെ ചെയ്യുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷയുടെ ഉദാഹരണം ഉദ്ധരിച്ച് സിജെഎആർ പറഞ്ഞു, ‘ഇതേ കേസിലെ കൂട്ടുപ്രതികളായ ദേവാംഗന കലിത, നടാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് 2021 ജൂണിൽ ജാമ്യം ലഭിച്ചു, ഫാത്തിമ ഇപ്പോഴും ജയിലിലാണ്. യുഎപിഎ ചുമത്തി ഫാത്തിമയെ 2020 ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്.
“വിയോജിപ്പുകളെ അടിച്ചമർത്താനും വിഷയം കൈവിട്ടുപോകുമോ എന്ന ഭയവും സർക്കാരിനുണ്ടെന്നു തോന്നുന്നു. ഭരണഘടനാപരമായി നൽകിയിട്ടുള്ള ‘പ്രതിഷേധിക്കാനുള്ള അവകാശവും’ ‘ഭീകര പ്രവർത്തനവും’ കൂട്ടിക്കുഴച്ചിരിക്കുന്നു,” ദേവാംഗന, നടാഷ, ആസിഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു.
പിന്നീട് ഡൽഹി ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ഡൽഹി പോലീസ് ചോദ്യം ചെയ്‌തെങ്കിലും സുപ്രീം കോടതി ഈ തീരുമാനം ശരിവച്ചു.
ഡൽഹി പോലീസ് പറയുന്നതനുസരിച്ച്, ദേവാംഗനയുടെയും നടാഷയുടെയും റോളുമായി സാമ്യമുള്ളതിനാൽ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്ത് ഗൾഫിഷ ഫാത്തിമയ്ക്ക് ജാമ്യം നൽകേണ്ടതായിരുന്നുവെന്ന് സിജെഎആർ പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍, ജുഡീഷ്യൽ കാലതാമസത്തിൻ്റെ ഫലമായി, ജാമ്യാപേക്ഷയിൽ ഉത്തരവൊന്നും പുറപ്പെടുവിക്കാതെ, ഗൾഫിഷ നാല് വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്.
2022 മെയ് 1 ന് ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷം ഗൾഫിഷയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതിയിൽ 65 തവണ വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൾഫിഷയുടെ ജാമ്യം ഡൽഹി ഹൈക്കോടതിയിൽ മൂന്നാം തവണ മാത്രമാണ് ചർച്ച ചെയ്യാൻ പോകുന്നത് എന്നതാണ് ഈ മുഴുവൻ പ്രക്രിയയുടെയും ഏറ്റവും അസ്വസ്ഥമായ വശം.
വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഖാലിദ് സൈഫിയുടെ കാര്യവും CJAR പ്രസ്താവനയിൽ പരാമർശിച്ചു.
“ഖാലിദ് സൈഫിയെ 2020 ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്തു, ഡൽഹി ഹൈക്കോടതിയിൽ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ ആദ്യം ലിസ്റ്റ് ചെയ്തത് 2022 മെയ് 10 നാണ്. അദ്ദേഹം ജയിലിൽ കിടക്കുന്നു. രണ്ട് വർഷത്തിലേറെയായി അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ രണ്ട് ബെഞ്ചുകൾ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല. മറ്റ് ചില കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്,” CJAR അതിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
ജാമ്യാപേക്ഷകളിൽ തീരുമാനമാകാതെ ആളുകൾ ജയിലിൽ കഴിയുന്നതിനാൽ ജുഡീഷ്യൽ കാലതാമസം ഗുരുതരമായ അനീതിക്ക് കാരണമാകുന്നുവെന്നും അതുവഴി ഭരണഘടന ഉറപ്പുനൽകുന്ന അവരുടെ മൗലികാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെടുന്നുവെന്നും സിജെഎആർ പറഞ്ഞു. നാല് വർഷത്തിലേറെയായിട്ടും എഫ്ഐആർ 59/20 ലെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ലെന്നത് ഏറെ ആശങ്കാജനകമാണ്.
ജാമ്യാപേക്ഷകൾ തീർപ്പാക്കാതെ, വിചാരണ വേളയിൽ പരിശോധിക്കേണ്ട ഡൽഹി പോലീസിൻ്റെ വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ഭിന്നതയുള്ളവർക്കെതിരെ യുഎപിഎ പോലുള്ള കടുത്ത നിയമം ദുരുപയോഗം ചെയ്യാൻ കോടതി അനുവദിക്കുകയാണെന്ന് സിജെഎആർ പറഞ്ഞു.
അതിനാൽ, ഈ ഗുരുതരമായ അനീതി മനസിലാക്കാനും ജാമ്യാപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങൾ ഡൽഹി ഹൈക്കോടതിയോടും സുപ്രീം കോടതിയോടും അഭ്യർത്ഥിക്കുന്നു.
ഒരു ജഡ്ജിയെ സ്ഥലം മാറ്റുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്താൽ, വാദങ്ങൾ പൂർത്തിയാക്കി തീരുമാനം മാറ്റിവെച്ച എല്ലാ ജാമ്യ കേസുകളിലും അദ്ദേഹം വിധി പറയേണ്ടിവരുമെന്ന് ഉറപ്പാക്കാൻ ഉചിതമായ സ്ഥാപനപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.