തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറുന്നതിന് കേരള സർക്കാർ വെള്ളിയാഴ്ച (ആഗസ്റ്റ് 9, 2024) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബങ്ങളിലെ മുതിർന്ന രണ്ട് പേർക്ക് 300 രൂപ വീതം പ്രതിദിന അലവൻസിന് അർഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബങ്ങളിൽ കിടപ്പിലായ രോഗികളോ ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന വ്യക്തികളോ ഉള്ള സന്ദർഭങ്ങളിൽ മൂന്ന് അംഗങ്ങൾക്ക് അലവൻസ് നൽകും. 30 ദിവസത്തേക്കാണ് അലവൻസ് നൽകക.
ഇതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര സഹായമായി 10,000 രൂപ നൽകും.
ക്യാമ്പുകളിൽ നിന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങളെ സർക്കാർ കെട്ടിടങ്ങളിലോ പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ താമസിപ്പിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ വയനാട് ജില്ലാ കലക്ടർക്ക് സർക്കാർ നിർദേശം നൽകി. കളക്ടർ റിപ്പോർട്ട് നൽകിയാലുടൻ താമസ സൗകര്യവും വാടകയും അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.