ന്യൂയോർക്ക്: ഫ്ലോറൽപാർക്ക്-ബല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻ (F-BIMA) കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്ത്യാ ഡേ പരേഡിന്റെ ഒമ്പതാമത് പരേഡ് ഈ മാസം 17 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ നടത്തപ്പെടുന്നു. ഫ്ലോറൽപാർക്കിലെ ഹിൽസൈഡ് അവന്യൂ റോഡിൽ ലാങ്‌ഡെയിൽ സ്ട്രീറ്റ് (268th Street) മുതൽ 249 സ്ട്രീറ്റ് വരെയാണ് പരേഡ് നടത്തപ്പെടുന്നത്. ഒമ്പതാമത് ഇന്ത്യ ഡേ പരേഡിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി പരേഡ് കമ്മറ്റി ചെയർമാൻ ഹേമന്ത് ഷാ, വൈസ് ചെയർമാൻ കോശി തോമസ്, F-BIMA പ്രസിഡൻറ് ഡിൻസിൽ ജോർജ്, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ് എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതിനേക്കാൾ വളരെ വിപുലമായാണ് ഇത്തവണ പരേഡിൻറെ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ധാരാളം ഫ്ലോട്ടുകൾ സ്പോൺസർ ചെയ്യുവാൻ സന്നദ്ധമായി കൂടുതൽ സംഘടനകളും വ്യാപാര സ്ഥാപനങ്ങളും തയ്യാറായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 263-മത് സ്ട്രീറ്റിൽ നിന്നുമാണ് പരേഡ് ആരംഭിച്ചിരുന്നതെങ്കിലും ഇത്തവണ അത് ഏതാനും സ്ട്രീറ്റുകൾ കൂടി മാറി 268-മത് സ്ട്രീറ്റ്- ലാങ്‌ഡെയിൽ സ്ട്രീറ്റ് ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്. അതുപോലെ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഹിൽസൈഡിൻറെ വടക്കു ഭാഗത്തായി ലിറ്റിൽനെക്ക് പാർക്ക്വേയിൽ ഓപ്പൺ എയറിൽ സ്റ്റേജ് സ്ഥാപിച്ചാണ് സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത സൈഡ് റോഡ് അതിനായി പൂർണ്ണമായും വാഹന ഗതാഗതം നിയന്ത്രിച്ച് പരിപാടികൾക്കായി വിനിയോഗിക്കുന്നതാണ്.
സമാപന സമ്മേളനവും സാംസ്കാരിക പരിപാടികളും ക്രമീകരിച്ചിരിക്കുന്ന ലിറ്റിൽനെക്ക് പാർക്ക് വേയുടെ സൈഡ് റോഡിൻറെ ഇരുവശങ്ങളും വ്യാപാര സ്ഥാപനങ്ങൾക്കും ഫുഡ് കോർട്ടുകൾക്കും ആവശ്യമായ വിവിധ സ്റ്റാൾ ബൂത്തുകൾ ക്രമീകരിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് പല സംഘടനകളും കൂടുതൽ ജനങ്ങളും ഈ വർഷത്തെ പരേഡിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. 17 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തന്നെ കൃത്യമായി പരേഡ് ആരംഭിക്കുന്നതാണ്. യുവജനങ്ങളുടെ ഇടയിലെ ഹരവും പ്രശസ്തനുമായ ബോളിവുഡ് സിനിമാ താരവും സാമൂഹിക പ്രവർത്തകനുമായ വിജയ് വിശ്വാ ആണ് പരേഡിലെ ഗ്രാൻഡ് മാർഷൽ. മറ്റ് വിവിധ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ സെലിബ്രിറ്റികളും പരേഡിൻറെ പ്രത്യേക ആകർഷകമാകും. പ്രശസ്ത ഗായകൻ ശബരീനാഥും ടീമും അവതരിപ്പിക്കുന്ന ലൈവ് ഗാനമേള വിവിധ ഡാൻസ് ട്രൂപ്പുകൾ അവതരിപ്പിക്കുന്ന ദേശഭക്തി ഡാൻസുകളും കലാപരിപാടികളും സമാപന സമ്മേളനത്തെ മനോഹരമാക്കും.
കഴിഞ്ഞ എട്ട് വർഷമായി വിജയപ്രദമായി നടത്തിവരുന്ന ഇൻഡ്യാ ഡേ പരേഡ് ഈ വർഷവും വിജയപ്രദമാക്കുവാനും ഇന്ത്യൻ സമൂഹത്തിൻറെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും നമ്മുടെ ശക്തമായ സാന്നിദ്ധ്യം പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ എത്തിക്കുന്നതിനുമായി ഏറ്റവുമധികം ഇന്ത്യക്കാർ പ്രസ്തുത പരേഡിൽ പങ്കെടുക്കണമെന്ന് സംഘാടക വൈസ് ചെയർമാൻ കോശി ഓ. തോമസ് ഫ്ലോറൽപാർക്കിൽ എല്ലാവരോടുമായി ആഹ്വാനം ചെയ്തു.
മലയാളീ സമൂഹത്തിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സാന്നിദ്ധ്യവും സഹകരണവും മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും ഉണ്ടാകണമെന്ന് പ്രസിഡൻറ് ഡിൻസിൽ ജോർജ് മലയാളീ സമൂഹത്തോടായി അഭ്യർഥിച്ചു. 17-ന് ശനിയാഴ്ച ഒരു മണി മുതൽ എല്ലാവരെയും ഹിൽസൈഡിൽ ഇന്ത്യാ ഡേ പരേഡിന് കാണാമെന്ന പ്രതീക്ഷയും ഡിൻസിൽ പങ്കു വച്ചു.