എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി; ഹാട്രിക് കിരീട നേട്ടവുമായി ഫറോക്ക്

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കളരാന്തിരിയില്‍ നടന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. തുടര്‍ച്ചയായി മൂന്നാം തവണയും ഫറോഖ് ഡിവിഷന്‍ കിരീടം നേടി. 669 പോയിന്റാണ് ഫറോഖ് ഡിവിഷന്‍ നേടിയത്. 652 പോയിന്റ് നേടിയ കുന്ദമംഗലം ഡിവിഷന്‍ രണ്ടാം സ്ഥാനവും 631 പോയിന്റോടെ മുക്കം ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. മുക്കം ഡിവിഷനിലെ മുഹമ്മദ് ജസീല്‍ കലാപ്രതിഭയായും മുക്കം ഡിവിഷനിലെ തന്നെ മുഹമ്മദ് ലുബൈബ് സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പസ് വിഭാഗത്തില്‍ ഫാറൂഖ് കോളജ് 107 പോയിന്റോടെ ജേതാക്കളായി. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, കെ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നീ ക്യാമ്പസുകളാണ് ക്രമപ്രകാരം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ക്യാമ്പസ് വിഭാഗത്തില്‍ കെ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഹമ്മദ് റാഫി ടി കെ കലാപ്രതിഭയായും എന്‍ ഐ ടി കാലിക്കറ്റിലെ ഫൈറൂസ് സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ ജേതാക്കളായ ഫറോക്ക് ഡിവിഷന്‍ ട്രോഫി സ്വീകരിക്കുന്നു

ഇന്നലെ (ഞായര്‍) വൈകിട്ട് നടന്ന സാഹിത്യോത്സവ് സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി കെ റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്‌മാന്‍ ബാഖവി, എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, സെക്രട്ടറി സി കെ എം റാശിദ് ബുഖാരി, സംസാരിച്ചു. എ കെ സി മുഹമ്മദ് ഫൈസി, കെ എം അബ്ദുല്‍ ഹമീദ്, പി ജി എ തങ്ങള്‍ പന്നൂര്‍, ഹാമിദലി സഖാഫി പാലാഴി, ശരീഫ് കാരശ്ശേരി സംബന്ധിച്ചു.
മുഹമ്മദ് ഫായിസ് എം എം പറമ്പ് സ്വാഗതവും സലീം അണ്ടോണ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News