ന്യൂഡൽഹി: ജമ്മു കശ്മീരിലെ ദോഡയിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രക്തം പുരണ്ട 4 ബാഗുകളും സൈന്യം കണ്ടെടുത്തു. നാല് ഭീകരർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. സൈന്യം ഇപ്പോഴും ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്.
ശിവ്ഗഡ്-അസർ ബെൽറ്റിൽ ഒളിച്ചിരിക്കുന്ന വിദേശ ഭീകരർക്കായി സുരക്ഷാ സേനയും പോലീസും പ്രദേശം വളയുകയും സംയുക്ത തിരച്ചിൽ ആരംഭിച്ചതായും ഇതിനിടയിൽ നിബിഡ വനമേഖലയിൽ അവർ തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ ദീപക് സിംഗിന് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് അദ്ദേഹം വീരമൃത്യു വരിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രക്തം അടങ്ങിയ നാല് ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് നാല് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. കൂടാതെ എം-4 കാർബൈനുകളും അവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ആനന്ദ് ജെയിൻ ഉച്ചയ്ക്ക് രണ്ട് മണിയോടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥൻ്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്ന സൈന്യം, മരിച്ചവരുടെ കുടുംബത്തോടൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചു. ധീരനായ ക്യാപ്റ്റൻ ദീപക് സിംഗിൻ്റെ പരമോന്നത ത്യാഗത്തെ വൈറ്റ് നൈറ്റ് കോർപ്സിൻ്റെ എല്ലാ റാങ്കുകളും അഭിവാദ്യം ചെയ്യുന്നതായി സൈന്യം അറിയിച്ചു. ഇന്നലെ വൈകുന്നേരം സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള വെടിവയ്പ്പിന് ശേഷം ഉധംപൂർ ജില്ലയിലെ പട്‌നിടോപ്പിനടുത്തുള്ള വനത്തിൽ നിന്നാണ് ഭീകരർ ദോഡയിലേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഉധംപൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേന അറിഞ്ഞത്. അരമണിക്കൂറിനുശേഷം അവർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. രാത്രി തന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞു. ഇന്ന് രാവിലെ സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 7.30ഓടെ ഭീകരരും സൈനികരും തമ്മിൽ വീണ്ടും വെടിവയ്പ്പ് ആരംഭിച്ചു.