ഞാൻ എന്തിന് ഭയക്കണം?; അനീതിക്കും അഴിമതിക്കുമെതിരെ നിരന്തര പോരാട്ടം നടത്തും: ഡോ. മാത്യു കുഴൽനാടൻ എംഎൽഎ

ഹൂസ്റ്റൺ: കേരളത്തിൽ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം ഉണ്ടാക്കുന്നതിനു പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ആവശ്യമാണ്. ഭരണകൂടം നടത്തുന്ന അഴിമതിയ്ക്കും അനീതിയ്ക്കും എതിരെ എന്നും പോരാടിയിട്ടുള്ള ചരിത്രമാണ് എനിക്കുള്ളത്. അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും നിര്ഭയനായി തുറന്നു പറയും, അതും എല്ലാ തെളിവുകളും നിരത്തി കൊണ്ട് ! എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് നിയമസഭയിലായാലും പുറത്താണെങ്കിലും ! ഞാൻ എന്തിനു ഭയപ്പെടണം? അഭിഭാഷകൻ എന്ന നിലയിലുള്ള തന്റെ നിയമ പരിജ്ഞാനവും അനുഭവപരിചയവും എന്റെ പോരാട്ടത്തിന് ശക്തി പകരുന്നു !ചങ്കൂറ്റത്തോട് കൂടി തന്നെ തന്റെ പോരാട്ടങ്ങൾ തുടരുമെന്ന് യുവകേരളത്തിന്റെ പ്രതീക്ഷയും നിയമസഭയിലെ ഗർജിക്കുന്ന സിംഹവുമായ കോൺഗ്രസിന്റെ കരുത്തനായ മൂവാറ്റുപുഴ എംഎൽഎ ഡോ.മാത്യു കുഴൽനാടൻ ഹൂസ്റ്റണിൽ തനിക്ക് ലഭിച്ച ആവേശോജ്വല സ്വീകരണത്തിൽ മറുപടി പറഞ്ഞു.

ഹൃസ്വ സന്ദര്ശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഫോമാ പ്രസിഡന്റായി ഉജ്ജ്വല വിജയം കൈവരിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്‌എ) പ്രസിഡണ്ടും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റുമായ ബേബി മണക്കുന്നേലിനും ഒരുക്കിയ സ്വീകരണ സമ്മേളനം പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്എ (OICC USA) ഹൂസ്റ്റൺ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെയും (SIUCC) യുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനം ഓഗസ്റ്റ് 13 നു ചൊവ്വാഴ്ച വൈകിട്ട് 8:30 നു സ്റ്റാഫ്‌ഫോർഡിലുള്ള SIUCC കോർപ്പറേറ്റ് ഓഫീസ്‌ ഹാളിൽ വച്ചാണ് നടന്നത്

വയനാട് ദുരന്തത്തിൽ മരണമടഞ്ഞവ ആദരാഞ്ജലികൾ അർപ്പിച്ച്‌ മൗനപ്രാർത്ഥനയോടെയാരുന്നു സമ്മേളന തുടക്കം.

ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി ഗ്ലോബൽ പ്രസിഡണ്ട് ജെയിംസ്‌ കൂടൽ ഉത്‌ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സഖറിയ കോശി ആമുഖ പ്രസംഗം നടത്തി.

എസ്ഐയുസിസി ജനറൽ സെക്രട്ടറി ജിജി ഓലിയ്ക്കൻ സ്വാഗതം ആശംസിച്ചു.

സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യൂ, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ .പട്ടേൽ, SIUCC മുൻ പ്രസിഡന്റുമാരായ ജോർജ്‌ കോളച്ചേരിൽ, ജോർജ് കാക്കനാട്ട്, ബോർഡംഗം ചാക്കോ തോമസ്, ഫോമാ മുൻ പ്രസിഡണ്ട് ശശിധരൻ നായർ, പ്രവാസി കോൺഗ്രസ് നേതാവ് സാബു കൂവക്കാട്ടിൽ തുടങ്ങിയവർ ആശംസകളറിയിച്ച്‌ സംസാരിച്ചു.

ഇരു സംഘടനകളെയും വകയായി എംഎൽഎയ്ക്കും ബേബി മണക്കുന്നേലിനും ത്രിവർണ്ണ ഷാളുകളും പൊന്നാടകളും അണിയിച്ചു.

ബേബി മണക്കുന്നേൽ മറുപടി പ്രസംഗത്തിൽ ഫോമാ പ്രസിഡന്റായി വിജയിക്കുന്നതിന് സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞതിനോടൊപ്പം പ്രവാസികളുടെ ഏതു പ്രശ്നത്തിനും ഏതു സമയത്തും തന്നെ സമീപിക്കാവുന്നതാണെന്നും അടുത്ത ഫോമാ ഫാമിലി കോൺഫറൻസ് ഹൂസ്റ്റനിൽ
വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആ കോൺഫറൺസിൽ ഒരു മന്ത്രിയായി മാത്യു കുഴൽനാടൻ സംബന്ധിക്കുമെന്നും മണക്കുന്നേൽ പ്രത്യാശ പ്രകടിപ്പിച്ചു.

നിയമസഭയിൽ മാത്രമല്ല കേരളത്തിൽ തന്നെ വേറിട്ട ശബ്ദമായിരുന്ന പിടി തോമസിന്റെ വിയോഗ ശേഷം കേരളത്തിലെ കോൺഗ്രസിന് ദൈവം കനിഞ്ഞനുഗ്രഹിച്ച നൽകിയ വരദാനമാണ് കുഴൽനാടൻ എന്ന് പ്രസംഗകരിൽ പലരും ചൂണ്ടിക്കാട്ടി.

ഒഐസിസി യൂഎസ്‍എ റീജിയണൽ വൈസ് പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ നന്ദി അറിയിച്ചു.

ഒഐസിസി യൂഎസ്‍എ നാഷനൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എംസിയായി പ്രവർത്തിച്ച്‌ പരിപാടികൾ നിയന്ത്രിച്ചു.

രാത്രി 10:30 നു അവസാനിച്ച സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ സിൻഹ വിരുന്നും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News