മലപ്പുറം: മലപ്പുറത്ത് വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി – യുവജന നേതാക്കളെ കലാപകാരികൾ എന്നാക്ഷേപിച്ച് വാർത്ത നൽകിയ ദേശാഭിമാനി പത്രം നിരുപാധികം മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സി പി എം മലപ്പുറത്തോടും മലബാറിനോടും പുലർത്തുന്ന വംശീയ മനോഭാവം കൂടുതൽ തെളിയിക്കുന്നതാണ് പത്രത്തിന്റെ ആക്ഷേപം.
ജില്ലയിലെ അവകാശ പോരാട്ടങ്ങളെ പൈശാചികവൽക്കരിക്കാനുള്ള ഇടത് ശ്രമങ്ങൾ വിലപോവില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ജില്ലയിലുടനീളം പ്രതിഷേധം കനപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് പത്രത്തിന്റെ കോപ്പി കത്തിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സാബിറ ശിഹാബ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലുടനീളം സമാനമായ പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫയാസ് ഹബീബ്, പി കെ ഷബീർ, നിഷ്ല മമ്പാട്, സെക്രട്ടറിമാരായ സുജിത് പി, അൽത്താഫ് എം ഇ, മുഫീദ വി കെ, സെക്രട്ടറിയേറ്റ് അംഗങ്ങളായ, മുബീൻ മലപ്പുറം, എന്നിവർ സംസാരിച്ചു.