കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായി നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് നാളെ സർക്കാർ പുറത്തുവിടാനിരിക്കെയാണ് നടിയുടെ ഈ നീക്കം. എന്നാൽ, ഹർജിയില്‍ സ്റ്റേ നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഈ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.
റിപ്പോർട്ട് പുറത്തുവിടും മുൻപ് തന്നെ കൂടി കേൾക്കണമെന്നാണ് ഹരജിയിൽ രഞ്ജിനി ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടു.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഓഗസ്റ്റ് 17ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെ റിപ്പോർട്ട് അപേക്ഷകർക്ക് കൈമാറാനാണു തീരുമാനം. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണു പ്രസിദ്ധീകരിക്കുക. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവിടുന്നതെന്നാണു വിവരം. നാലര വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറംലോകം കാണുന്നത്.
കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ ചൂഷണങ്ങളും പ്രശ്‌നങ്ങളും പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹരജി ഹൈക്കോടതി തള്ളിയത്. നിർമാതാവ് സജിമോൻ പാറയിലാണ് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്‌ക്കുശേഷം റിപ്പോർട്ട് പുറത്തുവിടാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.