കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ പുതുക്കിയ കാർ പാർക്കിംഗ് ഫീസ് ഇന്നു മുതല്‍ പ്രാബല്യത്തിലാകും. വാഹന പാർക്കിംഗിനുള്ള നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചിരുന്നു. വിമാനത്താവളത്തിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് പുറത്തിറങ്ങാൻ വാഹനങ്ങൾക്ക് ആറ് മിനിറ്റ് സമയം അനുവദിച്ചിരുന്നത് ഇന്നു മുതല്‍ 11 മിനിറ്റായി പുതുക്കിയിട്ടുണ്ട്.
അതേസമയം, എയർപോർട്ട് അതോറിറ്റിയുടെ പുതിയ നിരക്ക് വാഹനം പാർക്ക് ചെയ്യാതെ പുറത്തു പോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസം നൽകുന്ന ഒന്നാണ്. എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ 20 രൂപയുണ്ടായിരുന്ന ഏഴു സീറ്റ് വരെ കപ്പാസിറ്റിയുള്ള കാറുകൾക്ക് ഇനിമുതൽ 40 രൂപ ആയിരിക്കും ഈടാക്കുക. ഇതേ വാഹനത്തിന് അരമണിക്കൂർ കഴിയുമ്പോൾ നേരത്തെ 55 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനിമുതൽ 65 രൂപ നൽകേണ്ടി വരും.
ഏഴ് സീറ്റുകൾ ഉള്ള മിനി ബസ് എസ്‌യുവികൾക്ക് 80 രൂപയായിരിക്കും ഇനിമുതൽ ഈടാക്കുക. അനുവദിച്ച സമയത്തെക്കാൾ അരമണിക്കൂർ പിന്നിടുകയാണെങ്കിൽ പിന്നീട് 130 രൂപ ഇവ നൽകേണ്ടിവരും. അതോറിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങൾക്ക് നേരത്തെ പാർക്കിംഗ് ഫീസ് ഈടാക്കിയിരുന്നില്ല എന്നാൽ ഇനിമുതൽ ഇവർ 20 രൂപ നൽകേണ്ടിവരും.
അംഗീകാരമില്ലാത്ത വാഹനങ്ങൾക്ക് 226 രൂപയും അരമണിക്കൂറിനു ശേഷം 276 രൂപയും ഇടാക്കും. 253 രൂപയാണ് പാർക്കിംഗ് ഇല്ലാതെ അകത്തുകയറി പുറത്തിറങ്ങിയാൽ നൽകേണ്ടി വരിക. ഇരുചക്രവാഹനങ്ങൾക്ക് പത്ത് രൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയും ഇടാക്കും.