ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് യുപി അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ജൂലൈ 30 ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയതാണ്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഇന്ദ്ര ചൗക്കിൽ നിന്ന് യുവതി ഇ-റിക്ഷ എടുക്കുന്നത് കണ്ടെങ്കിലും കാശിപൂർ റോഡിലെ വാടക വീട്ടിൽ എത്തിയില്ല. അടുത്ത ദിവസം സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ സഹോദരിയാണ് പരാതി നൽകിയത്. എട്ട് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 8 ന്, യുപി പോലീസ് ദിബ്ദിബ ഗ്രാമത്തിലെ അവരുടെ വീട്ടിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്ലോട്ടിൽ അവരുടെ മൃതദേഹം കണ്ടെത്തി.
ഇരയുടെ മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതി ധർമേന്ദ്രയിലേക്ക് പോലീസിനെ നയിച്ചത്. ബറേലി സ്വദേശിയായ പ്രതി, രാജസ്ഥാനിൽ നിന്നാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ധർമേന്ദ്ര, ഇരയെ കണ്ടെന്നും, തുടര്‍ന്ന് പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷം പ്രതി ഇരയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയും സ്കാർഫ് കൊണ്ട് കഴുത്ത് ഞെരിക്കുകയും ചെയ്തു.
ഇരയുടെ ഫോണും പഴ്‌സിൽ നിന്ന് 3000 രൂപയും പ്രതി മോഷ്ടിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം.