ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക്-ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 17 ശനിയാഴ്ച (നാളെ) നടക്കുന്ന ഒൻപതാമത് ക്വീൻസ് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ കോശി ഓ. തോമസ് ഫ്ലോറൽപാർക്കിൽ പ്രസ്താവിച്ചു.
“ഗ്രാൻഡ് സെലിബ്രിറ്റി കോളിവുഡ് താരം വിജയ് വിശ്വാ ചെന്നൈയിൽ നിന്നും കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ ജെ.എഫ്.കെ. എയർപോർട്ടിൽ ഞങ്ങൾ സ്വീകരിച്ചു. പരേഡിൻറെ സമാപന സമ്മേളനം നടക്കുന്ന ലിറ്റിൽനെക്ക് പാർക്ക് വേയിൽ സൈഡ് റോഡുകളിലെല്ലാം ശനിയാഴ്ച വാഹനങ്ങൾ ഒന്നും പാർക്ക് ചെയ്യരുത് എന്നറിയിക്കുന്ന “നോ പാർക്കിങ്” സൈനുകൾ കമ്മറ്റി അംഗങ്ങൾ ചേർന്ന് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. ഫ്‌ളോട്ട്കൾക്കുള്ള വാഹനങ്ങൾ എല്ലാം ക്രമീകരിച്ചു. രാഷ്ട്രീയ സാമൂഹിക നേതാക്കളെല്ലാം സമയത്തു തന്നെ വന്നെത്തി പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം തയ്യാറായി. ഇനി എല്ലാ ഇന്ത്യാക്കാരും ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് ഹിൽസൈഡ് അവന്യൂവിലുള്ള 268-ആം സ്ട്രീറ്റിൽ എത്തിച്ചേർന്ന് പരേഡ് വിജയിപ്പിച്ചാൽ മാത്രം മതി. ശനിയാഴ്ച്ച ഫ്ലോറൽ പാർക്ക് ഭാഗം ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായിരിക്കും.” കോശി സംപൂർണ്ണ വിശ്വാസത്തോടെ പരേഡിൻറെ ക്രമീകരണങ്ങളെപ്പറ്റി വാചാലനായി.
“ശനിയാഴ്ച രാവിലെ 11-ന് ഹിൽ സൈഡ് അവന്യൂവിൽ 268-ആം സ്ട്രീറ്റിൽ രജിസ്ട്രേഷനുള്ള കൗണ്ടറുകൾ തുറക്കും. പരേഡിൽ പങ്കെടുക്കുന്ന എല്ലാ സംഘടനകളും അവിടെ പേരുകൾ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പരേഡിൽ അണിനിരക്കുന്നതിനുള്ള മുൻഗണന. പരേഡിൽ ലൈൻ അപ്പ് ചെയ്യുന്നതിനുള്ള നമ്പർ വച്ച പ്ലാക്കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകും. സംഘടനകൾ അവരവരുടെ ബാനറുകൾ കൊണ്ടുവരേണ്ടതാണ്. കാൽനടയായി പരേഡിൽ പങ്കെടുക്കുന്നവരും വാഹനങ്ങളിലുള്ള ഫ്ളോട്ടുകളും ഒന്നിടവിട്ടായിരിക്കും മുമ്പോട്ട് നീങ്ങുക. പങ്കെടുക്കുന്നവർ സംയമനം പാലിച്ച് സഹകരിച്ച് പരേഡിൽ മുമ്പോട്ട് നീങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. ഫ്ലോട്ടുകൾ ക്രമീരിക്കേണ്ട ഉത്തരവാദിത്വപെട്ടവർ നേരത്തെ തന്നെ എത്തി വാഹനങ്ങൾ അലങ്കരിച്ച് തയ്യാറാക്കേണ്ടതാണ്. കൃത്യം ഒരു മണിക്ക് തന്നെ പരേഡ് ആരംഭിക്കുന്നതാണ്.” രജിസ്ട്രേഷൻ ക്രമീകരണങ്ങളെപ്പറ്റിയും പരേഡിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും അസ്സോസിയേഷൻ പ്രസിഡൻറ് ഡിൻസിൽ ജോർജ് എല്ലാവരുടെയും അറിവിലേക്കായി പറഞ്ഞു.
കാൽനടയായി പരേഡിൽ പങ്കെടുക്കുന്നവർ ഹിൽ സൈഡ് അവന്യൂ-ലിറ്റിൽനെക്ക് പാർക്ക് വേയിൽ വലത്തോട്ട് തിരിഞ്ഞ് സമ്മേളന സ്റ്റേജിനടുത്തേക്ക് നീങ്ങണം. അതേസമയം ഫ്ളോട്ടുകളിൽ വരുന്നവർ അവിടെ നിന്നും മുൻപോട്ടു പോയി 249-ആം സ്ട്രീറ്റിൽ എത്തി വാഹനത്തിൽ നിന്നും ഇറങ്ങി തിരികെ ലിറ്റിൽനെക്ക് പാർക്ക് വേയിലുള്ള സമ്മേളന വേദിയുടെ സമീപത്തേക്ക് എത്തേണ്ട രീതിയിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. സമ്മേളന വേദിയിൽ പരേഡിൽ സംബന്ധിക്കുന്ന എല്ലാവരും എത്തിച്ചേർന്നതിനു ശേഷമാണ് പൊതുയോഗവും കലാപരിപാടികളും ആരംഭിക്കുക. ഭക്ഷണ സാധനങ്ങളും മറ്റ് കൗതുക വസ്തുക്കളും ലഭിക്കുന്നതിനുള്ള ബൂത്തുകൾ സമ്മേളന വേദിയുടെ സമീപത്ത് ഉണ്ടായിരിക്കുന്നതാണ്.
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് പരേഡിൽ ഗ്രാൻഡ് മാർഷൽ ആയി പങ്കെടുക്കുന്നതാണ്. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസുൽ ജനറൽ ഡോ. വരുൺ ജെഫ്, ക്വീൻസ് ബൊറോ പ്രസിഡൻറ് ഡൊണോവൻ റിച്ചാർഡ്‌സ്, ന്യൂയോർക്ക് സ്റ്റേറ്റ് കംപ്ട്രോളർ തോമസ് ദിനാപ്പോളി, യു എസ് കോൺഗ്രസ്സ് മാൻ ടോം സ്വാസി, ന്യൂയോർക്ക് സ്റ്റേറ്റ് അസ്സംബ്‌ളിമാൻ എഡ് ബേൺസ്റ്റീൻ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സ്റ്റേറ്റ് അസ്സംബ്ലി വുമൺ ജെന്നിഫർ രാജ്‌കുമാർ തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ഹാക്കുൾ കാത്തിയുടെ പ്രതിനിധികളും ഇന്ത്യാ ഡേ പരേഡിൽ പങ്കെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്.
എല്ലാ മലയാളീ സംഘടനകളും, മലയാളികളും ക്വീൻസ് ഇന്ത്യ ഡേ പരേഡിൽ പങ്കെടുത്ത് നമ്മുടെ മാതൃരാജ്യത്തോടുള്ള, സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുവാൻ ഈ വസരം വിനിയോഗിക്കണമെന്ന് സംഘാടകർ പ്രത്യേകമായി അറിയിച്ചു.