ഇന്ന് പൊന്നിൻ ചിങ്ങം; ശബരിമല നട തുറന്നു, ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്.

തുടർന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചശേഷം അയ്യപ്പ വിഗ്രഹത്തിലെ ഭസ്മം നീക്കി ദേവനെ ഭക്തജന സാന്നിധ്യം അറിയിച്ചു. അതിനുശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി.

കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്‌ക്കും.

കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.

ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ് നമുക്കിന്ന്. മലയാള വർഷാരംഭത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂർ, ആറ്റുകാൽ ദേവീ ക്ഷേത്രം തുടങ്ങീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Print Friendly, PDF & Email

Leave a Comment

More News