ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്‌ക്കും.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.
ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ് നമുക്കിന്ന്. മലയാള വർഷാരംഭത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂർ, ആറ്റുകാൽ ദേവീ ക്ഷേത്രം തുടങ്ങീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കൂടാതെ ചിങ്ങം പിറന്നാൽ ഓണനാളിനായുള്ള കാത്തിരിപ്പിനും തുടക്കം കുറിക്കുകയാണ്. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ഏത് നാട്ടിൽ കഴിഞ്ഞാലും പ്രായമെത്ര പിന്നിട്ടാലും മലയാളിയുടെ മനസിൽ ഗൃഹാതുരത്വമുണർത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം.
ഈ വർഷം സെപ്റ്റംബര്‍ 6ന് ആണ് ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണവും. ചിങ്ങം പുലരുന്നത് മുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാള മണ്ണും ഒരുങ്ങും.