ഷിക്കാഗോ : 2024 സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സിബി കദളിമറ്റവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും, വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ, എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ ഫ്ലോറിഡ (ടാമ്പ), ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും, ഷിക്കാഗോയിലെ കരുത്തന്മാരായ ടീമുകളും കൂടാതെ, അയര്‍ലന്റില്‍ നിന്നുള്ള ടീം കൂടി പങ്കെടുക്കുന്നത് ഇത്തവണത്തെ മത്സരത്തിന് മാറ്റു കൂട്ടുന്നു.
ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടുകൂടി ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വടംവലി മത്സരത്തിന് നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കൂടി കുറിക്കും.