വയനാട് ദുരന്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള പഠനോപകരണങ്ങള്‍ തയ്യാറായി എന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറായതായി മന്ത്രി വി ശിവന്‍‌കുട്ടി പറഞ്ഞു. ദുരന്തത്തിന് ശേഷം മുടങ്ങിപ്പോയ പഠനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.

Print Friendly, PDF & Email

Leave a Comment

More News