തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും, വ്യാജ നിർമാണത്തിന് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.