റിയാദ്: വളർത്തുമൃഗങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങളുടെ പേരിൽ റിയാദിൽ നിരവധി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുക, മൃഗപീഡനം, വൃത്തിഹീനമായ സാഹചര്യങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളും ഈ സ്ഥാപനങ്ങളിൽ നടക്കുന്നതായി കണ്ടെത്തി.
130-ലധികം വളർത്തുമൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ വളർത്തിയിരുന്നതായും കാലഹരണപ്പെട്ടതും നിലവാരമില്ലാത്തതുമായ മരുന്നുകളാണ് മൃഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. മൃഗങ്ങൾക്ക് മതിയായ ഭക്ഷണവും വെറ്റിനറി പരിചരണവും ലഭിച്ചിരുന്നില്ല.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ അനിമൽ വെൽഫെയർ സിസ്റ്റത്തിനും എക്‌സിക്യൂട്ടീവ് റെഗുലേഷനുകൾക്കും അനുസൃതമായി, മൃഗസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ബോധവൽക്കരണ പരിശോധന നടത്തുന്നതെന്ന് റിയാദ് പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ 939 എന്ന നമ്പറിൽ യൂണിഫൈഡ് കോൾ സെൻ്ററിൽ വിളിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.