പാക്കിസ്താനില്‍ ആശുപത്രി ശുചീകരണ തൊഴിലാളി അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു

പ്രതിനിധി ചിത്രം

ലാഹോർ: പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ അഞ്ച് വയസുകാരിയെ ശുചീകരണ തൊഴിലാളി ബലാത്സംഗം ചെയ്തതായി പോലീസ്.

തിങ്കളാഴ്‌ച സർ ഗംഗാറാം ആശുപത്രിയുടെ മൂന്നാം നിലയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും വനിതാ ഡോക്ടർമാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

ലാഹോർ പോലീസ് പറയുന്നതനുസരിച്ച്, 20 വയസ്സുള്ള ശുചീകരണ തൊഴിലാളിയാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്. കുട്ടിയുടെ കരച്ചിൽ അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിൽ പെട്ടു. അവരാണ് അവനെ കൈകാര്യം ചെയ്ത് കീഴടക്കി പോലീസിനെ വിവരമറിയിച്ച് കൈമാറുകയും ചെയ്തു. പെൺകുട്ടിയെ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

സംഭവത്തെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നീതി ആവശ്യപ്പെട്ട് ഫാത്തിമ ജിന്ന മെഡിക്കൽ കോളേജ് വനിതാ സർവകലാശാല (എഫ്ജെഎംസിയു) വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരും ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തി. സർ ഗംഗാ റാം ഹോസ്പിറ്റൽ FJMCU- യുടെ അനുബന്ധ സ്ഥാപനമാണ്.

ആശുപത്രികൾക്ക് സുരക്ഷ നൽകാത്ത സർക്കാരിനും ഭരണകൂടത്തിനുമെതിരെ വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരും മുദ്രാവാക്യം വിളിച്ചു. ആശുപത്രിയിലേക്കുള്ള റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ആശുപത്രി അധികൃതർ വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പെൺകുട്ടിയുടെ അമ്മയും ആരോപിച്ചു. കേസിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്നും വനിതാ ഡോക്ടർമാർക്കും സ്ത്രീ രോഗികൾക്കും ആശുപത്രിയിലെ ജീവനക്കാർക്കും പൂർണ സുരക്ഷ നൽകുമെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

മെഡിക്കോ ലീഗൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News