കൊപ്പേൽ: ഹൂസ്റ്റണിൽ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവലിൽ ഓവറോൾ ചാമ്പ്യരായ കൊപ്പേൽ സെന്റ് അൽഫോൻസാ ടീമംഗങ്ങളെ ഇടവകയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്‌സാസ് ഒക്കലഹോമ റീജനിലെ എട്ട് പാരീഷുകൾ പങ്കെടുത്തു സമാപിച്ച കായിക മേളയിലാണ് കൊപ്പേൽ. സെന്റ് അൽഫോൻസാ ടീം വിജയതിലകമണിഞ്ഞത്.
ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവരുടെ അധ്യക്ഷതയിൽ കൊപ്പേൽ, സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ പ്രത്യേക അനുമോദനയോഗം സംഘടിപ്പിച്ചു. മത്സരാർഥികളും ഇടവക സമൂഹവും യോഗത്തിൽ പങ്കുചേർന്നു. കായികതാരങ്ങൾക്കു നേതൃത്വം നൽകിയ IPSF പാരീഷ് കോർഡിനേറ്റേഴ്‌സ് പോൾ സെബാസ്റ്റ്യൻ, കെന്റ് ചേന്നാട്, അസിസ്റ്റന്റ് കോർഡിനേറ്റേഴ്‌സ് ബോബി സഖറിയ, ഷെന്നി ചാക്കോ തുടങ്ങിയവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്തു.
ഇടവകയുടെ സ്നേഹാദരങ്ങളോടെ ജേതാക്കൾ ട്രോഫികൾ ഏറ്റുവാങ്ങി. ചടങ്ങിൽ പോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു , കെന്റ് ചേന്നാട് , ബോബി സഖറിയ എന്നിവർ ആശംസകൾ നേർന്നു. ഷെന്നി ചാക്കോ എവർക്കും നന്ദി അറിയിച്ചു. ആശിഷ് തെക്കേടം, ടെസ്സ ജഗൻ എന്നിവർ എംസിയായി.
ഇത് നാലാം തവണയാണ് കോർഡിനേറ്റർ പോൾ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കൊപ്പേൽ ഇടവക ചാമ്പ്യരാകുന്നത്.