ഭര്‍ത്താവ് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ആ പദവി ഏറ്റെടുക്കുന്നു; കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ ബുധനാഴ്ച മന്ത്രിസഭ നിയമിച്ചു. ഭർത്താവും സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയുമായ വി. വേണുവിൽ നിന്ന് സംസ്ഥാന ഭരണത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു എന്ന അപൂർവ നേട്ടമാണ് ശാരദാ മുരളീധരനുള്ളത്.

വേണു ഓഗസ്റ്റ് 31-ന് വിരമിക്കും. ഭാര്യ ശാരദാ മുരളീധരൻ നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (LSGI) അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള സർക്കാർ പുനരധിവാസ പദ്ധതിയും മാതൃകാ ടൗൺഷിപ്പും നടപ്പിലാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അവർ നേരിടുന്നത്.

കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ വനിതകളുടെ ഉപജീവന ശാക്തീകരണത്തിനുള്ള പ്രധാന സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥയാണ് ശാരദ മുരളീധരന്‍. കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍ എന്ന നിലയില്‍ ഏകദേശം 44 ലക്ഷം വനിതകളെ മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് ഇക്കാലയളവിലാണ്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ദേശീയ ഗ്രാമീണ ഉപജീവന മിഷനിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അവർ സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തിനായുള്ള പ്രാദേശിക തലത്തിലുള്ള ദുരന്തനിവാരണ പദ്ധതികൾ രൂപീകരിക്കുന്നതിൽ അവർ പങ്കാളിയായിരുന്നു. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്.

വനിതകളെ കൃഷി ഉള്‍പ്പെടെയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലേക്ക് കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതും ശാരദ മിഷന്‍ ഡയറക്‌ടറായിരിക്കേയാണ്. വനിതാ സുരക്ഷാ പദ്ധതിയായ നിര്‍ഭയ പദ്ധതിക്ക് പിന്നിലും കൊവിഡ് കാലഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയത്തിനു പിന്നിലും ശാരദ മുരളീധരനാണ്.

1990 -ല്‍ പാലക്കാട് അസിസ്‌റ്റന്‍റ് കലക്‌ടറായി ശാരദ മുരളീധരൻ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍, കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്‌ടര്‍ ജനറല്‍ തുടങ്ങിയ സുപ്രധാന പദവികളും അവർ വഹിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി: 2017 ഏപ്രില്‍ മുതല്‍ അതേ വര്‍ഷം ഓഗസ്‌റ്റ് 31 വരെ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിരമിച്ച് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വനിത ചീഫ് സെക്രട്ടറിയായെത്തുന്നത്. കേരളത്തിന്‍റെ 50-ാമത്തെ ചീഫ് സെക്രട്ടറി കൂടിയാണ് ശാരദ മുരളീധരൻ. 1990 നവംബര്‍ മുതല്‍ 1991 ജൂലൈ വരെ ചീഫ് സെക്രട്ടറിയായിരുന്ന പത്മാ രാമചന്ദ്രനാണ് കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി.

 

Print Friendly, PDF & Email

Leave a Comment

More News