മിഷിഗണ്‍: കുട്ടികളുടെയും മുതിർന്നവരുടെയും ആയിരക്കണക്കിന് നഗ്നവീഡിയോകൾ രഹസ്യമായി പകർത്തിയതിന് ഇന്ത്യൻ ഡോക്ടറെ അറസ്റ്റു ചെയ്തു.
അധികാരികൾ വീഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിൽ 40 കാരനായ ഒമര്‍ എജാസ് എന്ന ഡോക്ടർക്കെതിരെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്തുന്നതിനായി കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലും ഡോക്ടർ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും വീഡിയോകളും റെക്കോർഡ് ചെയ്തതുൾപ്പെടെ ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് 2 മില്യൺ ഡോളർ ബോണ്ടിലാണ് ഡോക്ടറെ ജയിലിലടച്ചത്. 13,000 വീഡിയോകളാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്ന് 15 പെന്‍ഡ്രവുകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് തൻ്റെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത “ഏറ്റവും ശല്യപ്പെടുത്തുന്ന ലൈംഗിക വേട്ട കേസുകൾ” എന്നാണ് ഈ കേസിനെ വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ 2011ലാണ് എജാസ് അമേരിക്കയിലെത്തിയത്. മിഷിഗണിലെ ഡിട്രോയിറ്റ് സിനായ് ഗ്രേസ് ഹോസ്പിറ്റലിൽ റെസിഡൻസി പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അലബാമയിലെ ഡോസണിലേക്ക് മാറി. ഇൻ്റേണൽ മെഡിസിനിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
2018-ൽ ഇൻ്റേണൽ മെഡിസിനിൽ പ്രാക്ടീസ് തുടരുന്നതിനായി എജാസ് മിഷിഗണിലെ ഓക്ക്‌ലാൻഡ് കൗണ്ടിയിൽ തിരിച്ചെത്തി.
ക്ലിൻ്റൺ ടൗൺഷിപ്പിലെ ഹെൻറി ഫോർഡ് മാകോംബ് ഹോസ്പിറ്റലിലും, മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലെ അസൻഷൻ ജെനസിസ് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്.
മിഷിഗനിലെ ഓക്‌ലാൻഡ് കൗണ്ടി ഷെരീഫിൻ്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, വിവിധ പ്രായത്തിലുള്ള സ്ത്രീകളെയും രണ്ട് വയസ്സ് പ്രായമുള്ള കുട്ടികളെയും ഒളിക്യാമറകൾ ഉപയോഗിച്ച് എജാസ് റെക്കോർഡ് ചെയ്തതായി ആരോപിക്കപ്പെടുന്നു. ആശുപത്രി മുറികൾ, ക്ലോസറ്റുകൾ, വസ്ത്രം മാറുന്ന സ്ഥലങ്ങൾ, കുളിമുറി, കിടപ്പുമുറികൾ എന്നിവിടങ്ങളിലാണ് ഒളിക്യാമറകള്‍ ഉപയോഗിച്ച് റെക്കോർഡു ചെയ്‌തത്.
ഒന്നിലധികം സ്ത്രീകളുമായും ആശുപത്രി രോഗികളുമായും അവർ ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ ഉള്ള സമയത്ത് നടത്തിയ ലൈംഗിക ബന്ധങ്ങൾ പോലും എജാസ് റെക്കോര്‍ഡു ചെയ്തിട്ടുണ്ടെന്ന് ഡിറ്റക്ടീവുകൾ വിശ്വസിക്കുന്നതായി ഷെരീഫ് ബൗച്ചാർഡ് പ്രസ്താവനയിൽ പറഞ്ഞു. രോഗികളുടെ ബന്ധുക്കൾ വസ്ത്രം മാറുന്നതിനിടയിലും ഇയാൾ റെക്കോർഡ് ചെയ്തിരുന്നു.
ഓക്‌ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ കാരെൻ ഡി. മക്‌ഡൊണാൾഡ് എജാസിനെതിരെ കുറ്റം ചുമത്താൻ തൻ്റെ ഓഫീസ് “ലഭ്യമായ എല്ലാ വിഭവങ്ങളും” ഉപയോഗിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
“ഒരു നീന്തൽ സ്കൂളിലെ ഈ കുട്ടികളും അമ്മമാരും സമൂഹത്തിൽ വിശ്വാസമുള്ള ഒരു വ്യക്തിയാൽ ഇരകളാക്കപ്പെട്ടു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നതിലുപരിയാണിത്. ഈ അമ്മമാരുടെയും കുട്ടികളുടേയും സുരക്ഷിതത്വബോധം കവർന്നെടുക്കുന്നതിനു തുല്യമാണ്,” അവർ പറഞ്ഞു.
എജാസിനെതിരെ 10 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്, അയാളുടെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മാസങ്ങളെടുക്കുമെന്ന് ഷെരീഫ് പറയുന്നു.
ആഗസ്റ്റ് 7 ന് ഡിറ്റക്ടീവുകൾക്ക് എജാസിനെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു. പോലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയും ദിവസങ്ങൾക്കുള്ളിൽ സെർച്ച് വാറണ്ട് നടപ്പിലാക്കുകയും ചെയ്തു.
ഇയാളുടെ വീട്ടിൽ നിന്ന് ആറ് കമ്പ്യൂട്ടറുകളും 15 എക്‌സ്‌റ്റേണൽ സ്റ്റോറേജ് ഉപകരണങ്ങളും ഡിറ്റക്ടീവുകൾ കണ്ടുകെട്ടിയതായി ബൗച്ചാർഡ് പറഞ്ഞു. പിടിച്ചെടുത്ത സാമഗ്രികളുടെ പരിശോധന പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസമെടുക്കുമെന്നാണ് സൂചന.
ഡെട്രോയിറ്റ് ഫ്രീ പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം, എജാസിൻ്റെ ഭാര്യ റെക്കോർഡ് ചെയ്ത വസ്തുക്കൾ പോലീസ് അധികാരികള്‍ക്ക് നൽകിയതോടെയാണ് കേസ് ശ്രദ്ധയിൽ പെട്ടത്. ഇതാണ് മിഷിഗണിലെ റോച്ചസ്റ്റർ ഹിൽസില്‍ ഡോക്ടറുടെ വീട്ടിൽ നിരവധി സെർച്ച് വാറൻ്റുകൾ നടപ്പിലാക്കാൻ ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫിൻ്റെ ഓഫീസിനെ പ്രേരിപ്പിച്ചത്.
ആഗസ്റ്റ് 13-ന്, ഏജാസിനെതിരെ 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തനം, കമ്പ്യൂട്ടർ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ സൃഷ്ടിക്കല്‍, 18 വയസ്സിന് താഴെയുള്ള കുട്ടികളെ നഗ്നരായി റെക്കോർഡ് ചെയ്യല്‍, 18 വയസ്സിന് മുകളിലുള്ള രണ്ട് സ്ത്രീകളുടെ നഗ്നത റെക്കോർഡ് ചെയ്തത്, കുറ്റകൃത്യം ചെയ്യാൻ കമ്പ്യൂട്ടർ ഉപയോഗിച്ചത് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.
എജാസിൻ്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്നും അയാളുടെ കൃത്യങ്ങളുടെ വ്യാപ്തി പൂർണ്ണമായി അന്വേഷിക്കാൻ മാസങ്ങളെടുക്കുമെന്നും ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു.
ഇരകളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടായതിനാൽ, ഇരയാക്കപ്പെട്ടവര്‍ക്ക് അധികാരികളെ ബന്ധപ്പെടാൻ പോലീസ് ഒരു ഇമെയിൽ വിലാസവും നൽകിയിട്ടുണ്ട്.