കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനയായ അമ്മയിൽ ഭിന്നത. സംഘടനയുടെ നിലപാട് ഔദ്യോഗികമായി വിശദീകരിക്കാൻ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും അംഗങ്ങളും രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സംഘടനാ വൈസ് പ്രസിഡൻ്റ് ജഗദീഷ് രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം വൈകിയതിൽ ക്ഷമാപണം നടത്തിയാണ് ജഗദീഷ് വിഷയത്തിൽ പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സംഘടനയ്ക്ക് കഴിയില്ല. ആരോപണങ്ങൾ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാമർശങ്ങളിൽ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷിക്കണം. വേട്ടക്കാരുടെ പേരുവിവരങ്ങൾ പുറത്തുവരണമെന്നും ജഗദീഷ് പറഞ്ഞു. പവർ ഗ്രൂപ്പ് എന്നത് ഒരു ആലങ്കാരിക പദമാണ്, ഈ പദം കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന വ്യവസായത്തിൽ സ്വാധീനശക്തികളായി ഉയർന്നു വന്നവരായിരിക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ പരാതികൾ കുറയുമായിരുന്നെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖും എക്സിക്യൂട്ടീവ് അംഗങ്ങളും നടത്തിയ വാര്‍ത്താസമ്മെളനത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ എങ്ങനെയാണ് നടപടിയെടുക്കുക എന്നും അംഗങ്ങള്‍ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ എന്ന സംഘടനയ്ക്ക് എതിരല്ലെന്നും, റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് കുറ്റകൃത്യങ്ങളാണെങ്കില്‍ പോലീസ് അന്വേഷിക്കട്ടേ എന്നും സിദ്ധിഖ് പറഞ്ഞു. പ്രശ്നങ്ങളില്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഏതാനും ചിലരുടെ മോശം പ്രവൃത്തികള്‍ അളവു കോലാക്കി എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും സിദ്ധിഖ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശിപാര്‍ശകള്‍ നടപ്പാക്കണം എന്ന് സര്‍ക്കാരിനോട് താര സംഘടന ആവശ്യപ്പെടുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സിദ്ധിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.