അങ്ങിനെ അവസാനം നമ്മള്‍ ആകാംക്ഷയോടു കൂടി കാത്തിരുന്ന ‘ഹേമാ കമ്മിറ്റി’ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതോടുകൂടി കേരള ജനത ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രധാന പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
സാധാരണ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടനടി ‘ഒരു പ്രത്യേക ആക്‌ഷന്‍’ എടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് ഇന്നു നിലവിലുള്ളത്. അതുകൊണ്ടായിരിക്കാം റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷത്തോളം അതു ബി-നിലവറയില്‍ വെച്ചു പൂട്ടിയിട്ട് ഈയൊരു നല്ല മുഹൂര്‍ത്തം നോക്കി പുറത്തുവിട്ടത്. അതും ‘എരിവും പുളിയുമുള്ള’ ഭാഗങ്ങള്‍ എല്ലാം മുറിച്ചു മാറ്റിയതിനു ശേഷം. അതു പുറത്തു വിട്ടാല്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുമത്രേ! അതു നല്ലൊരു തീരുമാനമാണ്.
മമ്മൂട്ടി മുതല്‍ അന്തരിച്ച മാമുക്കോയ വരെയുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്.
എന്നാല്‍, ഇതു കേട്ടിട്ട് സാധാരണ ജനങ്ങളൊന്നും ഞെട്ടിയില്ല. സിനിമാ ലോകത്തെ ഇത്തരം കഥകളൊക്കെ എത്രയോ കാലമായി അങ്ങാടിപ്പാട്ടാണ്.
സ്വന്തം ഭാര്യമാര്‍ പോലും, തെളിവു സഹിതം, ഭര്‍ത്താക്കന്മാരില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡന അനുഭവങ്ങള്‍ ചാനലുകള്‍ വഴി പുറത്തു വിട്ടിട്ടും, അവരെല്ലാം ഇന്നും അധികാര സ്ഥാനങ്ങളില്‍ ഒരു പ്രശ്നവുമില്ലാതെ തുടരുന്നില്ലേ!
പീഡനങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല. കന്യാസ്ത്രീ മഠങ്ങള്‍, ആരാധനാലയങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി എവിടെയെല്ലാം പുറംലോകം അറിയാത്ത എത്രയോ നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ നടക്കുന്നു.
ഇത്തരം പല സ്ഥലങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള അ്വസരങ്ങള്‍ ഇരകള്‍ക്കില്ല എന്നതാണു സത്യം. എന്നാല്‍, സിനിമാ മേഖല
വ്യത്യസ്ഥമാണെന്നാണ് എന്റെ നിഗമനം. അവിടെ അവര്‍ക്കു ഹിതമല്ലാത്ത കാര്യങ്ങള്‍ക്കു വഴങ്ങേണ്ടി വരുന്ന ഒരു സാഹചര്യമുണ്ടായാല്‍ ഗുഡ്ബൈ പറഞ്ഞു സ്ഥലം വിടരുതോ?
സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നിര്‍മ്മാതാവ്, സംവിധായകന്‍, പ്രമുഖ നടന്മാര്‍ തുടങ്ങി ലൈറ്റ് ബോയിസിന്റെ വരെ ഇംഗിതത്തിനു വഴങ്ങണമെന്നാണു ചില നടിമാര്‍ ‘ഹേമാ കമ്മറ്റി” മുമ്പാകെ മൊഴി കൊടുത്തിരിക്കുന്നത്.
പുതുമുഖ നടികളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തുവാന്‍ വിരുതുള്ള ചില സീനിയര്‍ നടിമാര്‍ പണ്ടു മുതലേ ഈ മേഖലയിലുണ്ടത്രേ!
വലയില്‍ വീഴാത്തവരെ സ്റ്റേജ് ഷോ പരിപാടിയുമായി വിദേശത്തുകൊണ്ടുപോയി ഉന്നതര്‍ക്ക് കാഴ്ച വെച്ച് അവരെ മെരുക്കിയെടുക്കുന്ന ‘കുങ്കിയാന’ ലേഡി സ്റ്റാര്‍സും ഇവരോടൊപ്പം ഉണ്ടാകുമത്രേ!
(ഈ ‘കലാപരിപാടി’യില്‍ പങ്കാളികളായിട്ടുള്ള അമേരിക്കയിലെ പൗര പ്രമുഖന്മാരുടെ പേരു വിവരം അടുത്ത ലക്കത്തില്‍ പ്രസ്ദ്ധീകരിക്കുന്നതാണ്.)
തിരിച്ചു വീണ്ടും, ‘ഹേമാ കമ്മറ്റി’ റിപ്പോര്‍ട്ടിലേക്ക്. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കും?
ഒരു ചുക്കും ചെയ്യില്ല.
ആരെങ്കിലും പരാതി കൊടുത്താല്‍ പിന്നെ അവരുടെ പൊടി പോലും കാണില്ല. പലര്‍ക്കും ഈ നടന്മാരോട് അസൂയ ആണെന്നാണ് എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം.
കേരളാ മുന്‍ മുഖ്യമന്ത്രി ബഹുമാനപ്പെട്ട നായനാരുടെ വാചകങ്ങള്‍ കടമെടുത്ത് ഈ ലേഖനം അവസാനിപ്പിക്കട്ടെ.
“എവിടെ സ്ത്രീയുണ്ടോ, അവിടെ സ്ത്രീ പീഡനവുമുണ്ടാകും.”