എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സുമനസ്സുകൾ ഒന്നിക്കുന്നു.
ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമായിരുന്നു നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. എന്നാല്‍, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഉൾപ്പെടെയുള്ള അപേക്ഷ വയനാട് ദുരന്തത്തിന് മുമ്പ് ബാഗ്ളൂരിൽ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നഴ്സിംഗ് പഠനത്തിന് നല്‍കിയിരുന്നു.
ഈ വിദ്യാർത്ഥിയുടെ പഠന ഫീസ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒഴിവാക്കും. എന്നാൽ, പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുകയാണ് എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും നല്‍കുന്നത്. ലയൺസ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തെ സഹായിക്കാൻ തീരുമാനിച്ചത്.
ഓഗസ്റ്റ് 25ന് 5 മണിക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടക്കുന്ന ചടങ്ങില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വിദ്യാർത്ഥിയും മാതാപിതാക്കളും ചടങ്ങിൽ സംബന്ധിക്കും. ബാഗ്ളൂരിൽ നിന്നും കോളജ് പ്രതിനിധി ബനോജ് മാത്യു, ഹ്യൂമൻ റൈറ്റ്സ് കോർപ്സ് വിമന്‍സ് വിംഗ് നാഷണൽ പ്രസിഡന്റ് പ്രമീള ഭാസ്കർ, മൈനോറിറ്റി സെൽ നാഷണൽ പ്രസിഡണ്ട് സുനു ജി കുര്യൻ, പത്തനംതിട്ട ജില്ലാ ഡയറക്ടർ ലിതൻ മാത്യു എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ഇത് സംബന്ധിച്ചുള്ള ധാരണാ പത്രങ്ങൾ കൈമാറുമെന്ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു.