ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടിമാരുടെ ആരോപണ പ്രവാഹം; സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര

2009- ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ കാലയളവിൽ ചലച്ചിത്ര നിർമ്മാതാവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സനുമായ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചു .

നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രം താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്.

എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

സംവിധായകൻ ജോഷി ജോസഫിനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നും താരം പറഞ്ഞു.

ശ്രീലേഖ പറഞ്ഞത് ശരിയാണെന്ന് സംവിധായകൻ ജോഷി സമ്മതിച്ചു. ആ സമയത്ത് ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു. അക്സിഡന്‍റലായി ശ്രീലേഖയെ വിളിച്ചപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തിൽ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലിൽ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. കാരണം ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്. ഇന്‍റർവ്യൂവിൽ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്.

എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോലിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആ‌ർ മീരക്കും അറിയാം. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാൻ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്, ജോഷി പറഞ്ഞു.

അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത് രംഗത്തെത്തി. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് അവർ വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News