തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. ബംഗാളി നടി ശ്രീലേഖയുടെയും രഞ്ജിത്തിൻ്റെയും കമൻ്റുകൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സർക്കാരിന് മുന്നിൽ പരാതികളൊന്നും വന്നിട്ടില്ല. പരാതി നൽകിയാൽ മുഖം നോക്കാതെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമാണ്. ആരും നിയമത്തിനതീതരല്ല. പരാതി ലഭിച്ചാല്‍ നിയമാനുസൃതമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയാന്‍ രഞ്ജിത്തിന് മേൽ സമ്മർദം ശക്തമായി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജിവയ്ക്കണമെന്നാണ് എൽഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ചായിരിക്കും രഞ്ജിത്തിൻ്റെ രാജി തീരുമാനം.
ഇതിനിടെ രഞ്ജിത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടർന്ന് രഞ്ജിത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. മലയാള സിനിമാ മേഖലയിലെ ‘പവര്‍ ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന സംഘത്തില്‍ സിപിഐ എമ്മിന് വേണ്ടപ്പെട്ടവരുണ്ടെന്ന് അനുദിനം തെളിയുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി ലഭിച്ചതിന് ശേഷം മാത്രമേ സർക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം.