കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബി എസ് സി സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി ഫാത്തിമ മുഹമ്മദ് നിസാം രചിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘റിആം ഓഫ് റെവറീ ആൻഡ് റിയാലിറ്റി’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കോളേജ് സെൻട്രൽ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്. ലൈബ്രറി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്.
സാഹിത്യകാരിയും 2024 ലെ ഉള്ളൂർ അവാർഡ് ജേതാവുമായ സാബി തെക്കേപ്പുറം മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സാഹിത്യാഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അധികൃതരുടെയും അധ്യാപകരുടെയും ഇടപെടൽ മാതൃകാപരമാണെന്നും അവസരം ഉപയോഗപ്പെടുത്താൻ പഠിതാക്കൾ മുന്നോട്ട് വരണമെന്നും സാബി തെക്കേപ്പുറം പറഞ്ഞു.
ആലപ്പുഴ മാന്നാറിലെ പുത്തൻ ബംഗ്ലാവ് മുഹമ്മദ് നിസാം-ഹസീന ദമ്പതികളുടെ മകളാണ് ഫാത്തിമ. ‘ആഷസ് ടു ഫയർ’ എന്ന പേരിൽ നേരത്തെ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രകാശന ചടങ്ങ് പ്രിൻസിപ്പൽ പ്രൊഫ. കെ വി ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. രചയിതാവ് ഫാത്തിമ മുഹമ്മദ് നിസാം രചനാനുഭവം പങ്കുവെച്ചു. വൈസ് പ്രിൻസിപ്പൽ ഡോ പി എം രാഘവൻ, അസി. പ്രൊഫസർമാരായ ജാബിർ ടി, വിനോദ് കുമാർ സംസാരിച്ചു. ലൈബ്രേറിയൻ ബിന്ദു കെ എസ് സ്വാഗതവും റീഡേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് അഫ്‌ലഹ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളെ അക്കാദമിക്പരമായി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവരുടെ കലാവാസനയേയും പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മര്‍കസിന് അഭിനന്ദനം. അതോടൊപ്പം, ഈ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ചിത്രം തികച്ചും അരോചകമായി എന്ന് പറയാതിരിക്കാന്‍ വയ്യ. ആ വിദ്യാര്‍ത്ഥിനിയെ ‘അടിമുടി’ കറുത്ത വസ്ത്രം ധരിപ്പിച്ച് എന്തിന് ആ വേദിയില്‍ നിര്‍ത്തി എന്നതിന് എന്താണ് നിങ്ങളുടെ ന്യായീകരണം. വിദ്യാര്‍ത്ഥിയുടെ മുഖമെങ്കിലും ഒന്നു കാണിച്ചുകൂടായിരുന്നോ? അങ്ങനെ ആ കുട്ടിയെ ലോകം അറിയണമായിരുന്നു. അങ്ങനെ ചെയ്യാതെ ഇത്തരത്തിലുള്ള പരിപാടി നടത്തി ലോകത്തിനു മുന്നില്‍ മുസ്ലിം സമുദായത്തെ, പ്രത്യേകിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികളെ, ഒന്നടങ്കം അപമാനിക്കരുത്.