‘ജനങ്ങളെ കേൾക്കുന്നു’: വെൽഫെയർ പാർട്ടി ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചു

മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കീഴുപറമ്പിലെ രണ്ടാം വാർഡിലെ വീടുകൾ സന്ദർശിച്ച് തുടക്കം കുറിച്ചു.

‘ജനങ്ങളെ കേൾക്കുന്നു’ എന്ന ജനസമ്പർക്ക പരിപാടികളുടെ ഭാഗമായാണ് ഇന്നും നാളെയും മറ്റെന്നാളുമായി (ആഗസ്റ്റ് 24, 25, 26) ഭവന സന്ദർശന പരിപാടി വെൽഫെയർ പാർട്ടി നടത്തുന്നത്.

ജില്ലയിലെ എല്ലാ പ്രാദേശിക ഘടകങ്ങളിലും പരിപാടി നടക്കും. ദേശീയ – സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾ, പ്രാദേശിക വികസനം. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം.ദലിത് – ആദിവാസി – പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങൾ, കേരളത്തിന്റെ സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന സംഘപരിവാർ നീക്കങ്ങൾ,സംവരണം അട്ടിമറി,സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും.

പാർട്ടി ജനപ്രതിനിധികൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ദുരിത മേഖലയിലും മറ്റും പാർട്ടി നടത്തുന്ന സേവന പ്രവർത്തനങ്ങളും വിശദീകരിക്കും.

സന്ദർശനത്തിലൂടെ മനസ്സിലാക്കുന്ന ജനകീയ പ്രശ്നങ്ങളും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും മുൻനിർത്തി വിപുലമായ പ്രവർത്തന പരിപാടിക്ക് പാർട്ടി രൂപം നൽകും.

ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് പരപ്പനങ്ങാടി മുൻസിപ്പലിറ്റിയിലും ജില്ല ജനറൽ സെക്രട്ടറി കെ.വി സഫീർ ഷാ മേലാറ്റൂർ പഞ്ചായത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എ.ഫായിസ കീഴാറ്റൂർ പഞ്ചായത്തിലും കെ.കെ അശറഫ് വളാഞ്ചേരി മുൻസിപ്പാലിറ്റിയിലും മറ്റു ജില്ലാ നേതാക്കൾ വിവിധ ഇടങ്ങളിലെ ഭവന സന്ദർശനത്തിൽ പങ്കാളിയായി.

പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പ്രവർത്തകർക്കൊപ്പം ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമാകും.

Print Friendly, PDF & Email

Leave a Comment

More News