ഇന്ന് അഷ്ടമി രോഹിണി. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകുന്നത്. കൂടാതെ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും.
ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും.
കഴിഞ്ഞ മൂന്ന് വർഷമായി വള്ളസദ്യയൊരുക്കിയ സി.കെ ഹരിശ്ചന്ദ്രനാണ് ഇത്തവണയും പാചകം ചെയ്യുന്നത്. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 44 കൂട്ടം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പടെ 350-ലേറെ പേരും ചേർന്നാണ് പാചകം. ഇവർക്കൊപ്പം പള്ളിയോടെ കരക്കാരും സഹായത്തിനുണ്ട്. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന സദ്യയിൽ 60,000 പേർക്കും ക്ഷേത്രത്തിന് പുറത്ത് 10,000 പേർക്കുമാണ് സദ്യയൊരുക്കുന്നത്. പുറത്തുള്ള ഓഡിറ്റോറിയങ്ങളിലെ സദ്യ പാർഥസാരഥി കേറ്ററേഴ്സ് ഉടമ സദാശിവനാണ് ഒരുക്കുന്നത്.