കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായാണ് യോഗം.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
വനിതാ ജനറല്‍ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്.വനിതാ അംഗം സെക്രട്ടറിയായി വന്നാല്‍ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചര്‍ച്ചകള്‍ നടത്താന്‍ സഹായകമാകുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവര്‍ പുതിയ സാഹചര്യത്തില്‍ നേതൃനിരയിലേക്ക് വരുമോ എന്നും ചോദ്യമുണ്ട്.
സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. സിനിമയിലെ പ്രമുഖര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ, അന്വേഷണത്തിനായി സര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
ഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരും എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.