ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതനിലെ ഒരു കഫേയ്ക്ക് പുറത്ത് ആകാശത്തേക്ക് വെടിയുതിർത്ത അഞ്ച് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കഫേ ഉടമയും ഉപഭോക്താവും തമ്മിൽ സീറ്റ് ക്രമീകരണത്തെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്നാണ് സംഭവം.
അറസ്റ്റിലായ അഹമ്മദ്, ഔറംഗസേബ്, അതുൽ, ജാവേദ്, ആദിൽ എന്നിവരെല്ലാം ജഹാംഗീർപുരി സ്വദേശികളാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് മീണ സ്ഥിരീകരിച്ചു. ഒരു ഗ്ലാസ് ടേബിളിൽ ഇരിക്കരുതെന്ന് കഫേ ഉടമ രോഹിത് ഒരു ഉപഭോക്താവിനോട് അഭ്യർത്ഥിച്ചതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേസുമായി പരിചയമുള്ള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജാവേദ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ്. ഇയാൾക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ചിരുന്ന അനധികൃത തോക്കുകളും ഒരു ഥാർ എസ്‌യുവിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 8:48 ന് പോലീസ് കൺട്രോൾ റൂമിലേക്ക് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. 8:30 ഓടെ ഒരു കൂട്ടം ആളുകൾ അത്താഴത്തിന് എത്തിയതായി കഫേയിലെ ജീവനക്കാരനായ കരൺ ഉദ്യോഗസ്ഥരെ അറിയിച്ചു. ഗ്ലാസ് ടേബിളിൽ ഇരിക്കരുതെന്ന് ഒരാളോട് ആവശ്യപ്പെട്ടപ്പോൾ അവര്‍ തർക്കിക്കാന്‍ തുടങ്ങിയെന്നും, പിന്നീട് കൂടുതൽ പേര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. അത് ഉന്തും തള്ളുമായി കലാശിച്ചു. അതിനിടയിലാണ് ഒരാൾ കഫേയ്ക്ക് പുറത്തിറങ്ങി ആകാശത്തേക്ക് വെടിയുതിര്‍ത്തത്.
ജന്മദിനം ആഘോഷിക്കാനാണ് ജഹാംഗീർപുരിയിൽ നിന്ന് സംഘം കഫേയിലെത്തിയതെന്നും, അത് അക്രമ സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന.