കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ആർജികെഎംസിഎച്ച്) മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ രണ്ടാം ഘട്ട പോളിഗ്രാഫ് പരിശോധന പൂർത്തിയാക്കി.
സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സിഎഫ്എസ്എൽ) നിന്നുള്ള സംഘമായിരിക്കും പോളിഗ്രാഫ് പരിശോധന നടത്തുകയെന്ന് സിബിഐ വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജയ് റോയിയെ സിബിഐ നേരത്തെ നുണപരിശോധന നടത്തിയിരുന്നു.
കൂടാതെ, ഓഗസ്റ്റ് 25 ന്, സിബിഐയുടെ അഴിമതി വിരുദ്ധ ബ്രാഞ്ച് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സന്ദീപ് ഘോഷും അദ്ദേഹത്തിൻ്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തി. ആഗസ്റ്റ് 24 ന്, കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഡോ. സന്ദീപ് ഘോഷിനെതിരെ സിബിഐ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു.
മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതാണ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കാരണം.
അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി സിബിഐക്ക് മൂന്നാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 17 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സംഭവവുമായി ബന്ധപ്പെട്ട സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടെ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സുരക്ഷ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) മാറ്റാൻ ഈ മാസം ആദ്യം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.