ജയസൂര്യയും മുകേഷുമടക്കം നാല് മലയാള നടന്മാർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് മിനു മുനീർ പോലീസിൽ പരാതി നൽകി

കൊച്ചി: നിരവധി അഭിനേതാക്കൾക്കെതിരെയും സാങ്കേതിക പ്രവർത്തകർക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ച നടി മിനു മുനീർ സംസ്ഥാന സർക്കാർ രൂപീകരിച്ച ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി.

“2008-2013 കാലയളവിൽ ഈ അഭിനേതാക്കളിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും ഞാൻ നേരിട്ട ലൈംഗികാതിക്രമ സംഭവങ്ങൾ വെളിപ്പെടുത്തിയതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം എന്നെ സമീപിച്ചത്,” അവർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ആലുവ സ്വദേശിനി ഇമെയിൽ വഴി പരാതി നൽകിയത്. നടൻമാരായ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു, മുകേഷ് എന്നിവരെയും അഡ്വക്കേറ്റ് ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ കൺട്രോളർ വിച്ചു എന്നിവരെയാണ് ശാരീരികവും വാക്കാലുള്ളതുമായ അധിക്ഷേപം ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ തൻ്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മിനു മുനീര്‍ നടത്തിയ വെളിപ്പെടുത്തല്‍ മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചിരുന്നു.

“2013-ൽ, ഒരു പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ഇവര്‍ എന്നെ ശാരീരികവും വാക്കാലുള്ളതുമായ അധിക്ഷേപത്തിന് വിധേയയാക്കി. ഞാൻ ജോലി തുടരാൻ ശ്രമിച്ചു. ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടും സഹിച്ചും ക്ഷമിച്ചും ആ പ്രോജക്‌ടിന്‍റെ ഭാഗമായി തന്നെ തുടർന്നു. പക്ഷേ കാര്യങ്ങൾ പിന്നീട് അസഹനീയമായി മാറുകയായിരുന്നു. എന്നാൽ, അധിക്ഷേപം അസഹനീയമായപ്പോൾ, മലയാള സിനിമാ വ്യവസായം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറാൻ ഞാൻ നിർബന്ധിതയായി. ഞാൻ അനുഭവിച്ച ആഘാതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഞാൻ ഇപ്പോൾ നീതിയും ഉത്തരവാദിത്തവും തേടുകയാണ്. അവരുടെ ഹീനമായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഞാൻ സഹായം അഭ്യർത്ഥിക്കുന്നു,” അവർ ഫേസ്ബുക്കിൽ കുറിച്ചു.

“അഡ്‌ജെസ്‌റ്റുമെന്‍റുകള്‍ക്ക് വഴങ്ങാതെ മലയാള സിനിമ വിട്ട മിനു” എന്ന തലക്കെട്ടില്‍ കേരളകൗമുദി എന്‍റെയൊരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്‌തിരുന്നു. ഞാൻ അനുഭവിച്ച മാനസിക സംഘർഷത്തിനും, ത്യാഗത്തിനും ഒക്കെ എനിക്കിപ്പോൾ നീതി ലഭിക്കേണ്ടതായിട്ടുണ്ട്.,” ഇപ്രകാരമാണ് മിനു മുനീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Print Friendly, PDF & Email

Leave a Comment

More News