ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് – വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചു വെച്ചത് സർക്കാറിന്റെ ഗുരുതര കുറ്റകൃത്യമാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ അന്വേഷണം നടത്താതെ സർക്കാർ വേട്ടക്കാരൊടൊപ്പം നിൽക്കുകയാണെന്ന് വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ പറഞ്ഞു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഏത് മേഖലയിലായാലും സ്ത്രീകൾ വിവേചനം നേരിടുന്നു, ഇതവസാനിപ്പിക്കണം. സ്ത്രീകൾക്ക് അനുകൂലമാണ് എന്ന് പറയുമ്പോഴും, തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇന്ന് സ്ത്രീകൾ ഇരയായികൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കുന്നത് വരെ വിമൻ ജസ്റ്റിസ് നീതിക്കുവേണ്ടി തെരുവിലുണ്ടാകുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ഹസീന വഹാബ്, സുഭദ്ര വണ്ടൂർ എന്നിവർ സംസാരിച്ചു. സലീന അന്നാര, ഷിഫാ ഖാജ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റജീന വളാഞ്ചേരി, ബിന്ദു പരമേശ്വരൻ, ഹസീന വഹാബ്, സുഭദ്ര വണ്ടൂർ, റംല, സാബിറ തിരൂർക്കാട്, നസീമ ചുണ്ടയിൽ, അതിയ, കദീജ എംഎം, സഫിയ കെ സി എന്നിവരാണ് അറസ്റ്റ് വരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News